(moviemax.in) 'കാന്താര' സിനിമയുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ വ്യക്തതവരുത്തി ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. പോസ്റ്ററുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് ഋഷഭ് ഷെട്ടി വ്യക്തമാക്കി. 'കാന്താര: ചാപ്റ്റര്‍ വണ്‍' കാണാന്‍ എത്തുന്നവര്‍ മദ്യപിക്കരുതെന്നും പുകവലിക്കരുതമെന്നും മാംസാഹാരം കഴിക്കരുതമെന്നുമായിരുന്നു പ്രചാരണം.
വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഋഷഭ് ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. പ്രചരിക്കുന്ന പോസ്റ്റര്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഉടനെ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട് സത്യാവസ്ഥ തിരക്കി. പോസ്റ്ററിന് 'കാന്താര' ടീമുമായി യാതൊരു ബന്ധവുമില്ലെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.
'കാന്താര'യുടെ രണ്ടാംഭാഗമായ 'കാന്താര: ചാപ്റ്റര്‍ വണ്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വ്യാപകമായി ഒരു പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. 'ഒക്ടോബര്‍ രണ്ടിന് കാന്താര ചാപ്റ്റര്‍ വണ്‍' കാണുന്നതിനായി മൂന്ന് ദിവ്യവ്രതങ്ങള്‍ പാലിക്കാന്‍ പ്രേക്ഷകര്‍ സ്വമേധയാ എടുക്കുന്ന തീരുമാനമാണ് 'കാന്താര' സങ്കല്‍പ്പം. എന്താണ് ഈ ദിവ്യവ്രതങ്ങള്‍?. ഒന്ന്, മദ്യപിക്കാതിരിക്കുക. രണ്ട്, പുകവലിക്കാതിരിക്കുക. മൂന്ന്, മാംസാഹാരം കഴിക്കാതിരിക്കുക.
തീയേറ്ററുകളില്‍ 'കാന്താര: ചാപ്റ്റര്‍ വണ്‍' കാണുന്നതുവരെ ഈ മൂന്നുവ്രതങ്ങളും പാലിക്കേണ്ടതാണ്. ഗൂഗിള്‍ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുക', എന്നായിരുന്നു കാര്‍ഡില്‍ ഉണ്ടായിരുന്നത്. 'കാന്താര പര്‍വ' എന്ന പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഋഷഭ് ഷെട്ടിയുടെ വിശദീകരണത്തിന് പിന്നാലെ അക്കൗണ്ടും കാണാതായി.
'Don't smoke, don't drink, don't eat meat until you see Kantara'; Rishabh on the viral poster