Sep 22, 2025 10:09 PM

(moviemax.in) അടുത്തിടെ വിടപറഞ്ഞ പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവൻ നവാസിനെ കുറിച്ച് ഹൃദയവേദനയോടെ സഹോദരനും നടനുമായ നിയാസ് ബക്കറിന്റെ ഫേസ്ബുക് കുറിപ്പ്. പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ തങ്ങൾക്കിടയിൽ സഹോദര ബന്ധത്തേക്കാൾ സുഹൃത്ബന്ധമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ നേരിൽ കാണുമ്പോൾ പ്രകടനപരമായ സ്നേഹം ഉണ്ടായിരുന്നില്ലെന്നും നിയാസ് ഓർമിച്ചു.

‘ഞങ്ങളുടെ തൊഴിൽ സംബന്ധിച്ച ചില കാര്യങ്ങൾ, കുടുംബകാര്യങ്ങൾ, അങ്ങിനെ ചിലതൊക്കെ മാത്രം സംസാരിക്കും പിരിയും. ഇപ്പോഴവനുണ്ടായിരുന്നെങ്കിൽ.... മതിവരുവോളം കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്. കുറേ കാര്യങ്ങൾ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ...സർവ്വേശ്വരൻ ഞങ്ങൾക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു. ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കൽ വാങ്ങലുകളും ഞങ്ങൾക്കിടയിൽ സാധ്യമല്ലല്ലോ. ഒരു പങ്കുവയ്ക്കലുകൾക്കും അവസരം ഇല്ലല്ലോ...എന്റെ കൂടപ്പിറപ്പിനെ പടച്ചവൻ തിരിച്ചു വിളിച്ചു.

ഇനി എനിക്കവന് നൽകാനുള്ളത് പ്രാർത്ഥന മാത്രമാണ്. (നിന്റെ മരണത്തിനു മുൻപ് നിനക്ക് നൽകിയട്ടുള്ളതിൽ നിന്നും നീ മറ്റുള്ളവർക്കായ് ചിലവഴിക്കുക. quran). അത് അറിവാണെങ്കിലും സമ്പത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്നേഹമാണെങ്കിലും നിസ്വാർത്ഥമായി പങ്കു വയ്ക്കേണ്ടതല്ലേ...? മരിച്ചവർക്കായ് പ്രാർത്ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല’ -നിയാസ് പറഞ്ഞു.

ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെയും കൂട്ടുകാരെയും സഹജീവികളെയാകയും എല്ലാ നിബന്ധനകളും മാറ്റിവെച്ച് അതിരില്ലാത്ത സ്നേഹം പകർന്നു നൽകി ചേർത്തു നിർത്തണമെന്ന അഭ്യർഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ‘അവസാനകാലത്ത് ഓർത്ത് കരയാനെങ്കിലും ചില കടപ്പാടുകൾ ബന്ധങ്ങൾക്കിടയിൽ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സർവ്വേശ്വരൻ ശക്തി നൽകട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’ -നിയാസ് എഴുതുന്നു.

https://www.facebook.com/share/r/1ABFzVZuWW/

niyazbacker facebook post remembers brother kalabhavannavas

Next TV

Top Stories










https://moviemax.in/- //Truevisionall