(moviemax.in) കാത്തിരിപ്പിനൊടുവിൽ കാന്താര ചാപ്റ്റർ 1 ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിന്റെ മലയാളം പതിപ്പ് നടൻ പൃഥ്വിരാജ് സുകുമാരനാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്. ഒക്ടോബർ രണ്ടിനാണ് കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ കാന്താര ചാപ്റ്റർ വൺ റിലീസ് ചെയ്യും. ട്രെയിലറിന്റെ ഹിന്ദി പതിപ്പ് ഹൃതിക് റോഷനും തമിഴിൽ ശിവകാർത്തികേയനും തെലുങ്കിൽ പ്രഭാസുമാണ് പുറത്ത് വിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ആദ്യ ഭാഗത്തിന്റെയും കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. റിലീസ് ചെയ്ത ഭാഷകളിലെല്ലാം ഹിറ്റായിരുന്നു കാന്താരയുടെ ആദ്യ ഭാഗം. കന്നഡ സിനിമാ ലോകത്തിന്റെ യശസുയർത്തിയ ചിത്രം. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രധാന വേഷം ചെയ്യുന്നു. 2022 ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ വൺ എത്തുന്നത്. മൂന്ന് വർഷം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഫാന്റസിയും മിത്തും കൊണ്ട് പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമായിരുന്നു കാന്താര. ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിക്കൊടുത്തു. പ്രീക്വലിൽ പ്രേക്ഷകർക്ക് പ്രതീക്ഷ ഇരട്ടിച്ചിട്ടുണ്ട്. ബി അജ്നീഷ് ലോകനാഥാണ് സംഗീതം ഒരുക്കുന്നത്. ക്യാമറ അർവിന്ദ് കശ്യപ്.നേരത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു.
Kanthara Chapter One trailer out, audience excited