( moviemax.in) മലയാള സിനിമയ്ക്ക് ഉണ്ടായ തീരാനഷ്ടങ്ങളിൽ ഒന്നാണ് കലാഭവൻ മണിയുടെ വേർപാട്. സഹജീവികളോട് ഇത്രയേറെ കരുണയോടെ പെരുമാറിയ മറ്റൊരു കലാകാരനുണ്ടോയെന്ന് സംശയമാണ്. മണിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടിയാണ് ശാന്തി വില്യംസ്. ശാന്തിക്ക് മകനെപ്പോലെയായിരുന്നു നടൻ. ഭർത്താവും ഛായാഗ്രഹകനുമായ വില്യംസിന്റെ മരണശേഷം തന്നെ മലയാള സിനിമയിൽ നിന്നും സാമ്പത്തികമായി സഹായിച്ചതും മാനസീകമായി പിന്തുണച്ചതും കലാഭവൻ മണി മാത്രമാണെന്ന് മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തി പറഞ്ഞു.
മരിക്കും മുമ്പ് മണിയെ കണ്ടപ്പോൾ ക്ഷീണിച്ച് അവശനായിരുന്നുവെന്നും ശരീരം നോക്കാൻ അന്ന് താൻ ഉപദേശിച്ചിരുന്നുവെന്നും നടി പറയുന്നു. മണിയുടെ മരണവാർത്ത തനിക്ക് ഒരു മരവിപ്പാണ് സമ്മാനിച്ചതെന്നും ശാന്തി പറഞ്ഞു. സുരേഷ് ഗോപി എപ്പോൾ കണ്ടാലും സംസാരിക്കും. അതുപോലെ തന്നെയാണ് കലാഭവൻ മണിയും. വില്ലിയേട്ടൻ മരിച്ച സമയത്ത് മണി പ്രോഗ്രാമുമായി ഫോറിൻ ടൂറിലായിരുന്നു. മണിക്ക് വരാൻ പറ്റിയില്ല. സ്നേഹമുള്ള പയ്യനായിരുന്നു. പാസക്കിളികൾ എന്നൊരു സിനിമയിൽ ഞാനും മണിയും അതിനുശേഷം ഒരുമിച്ച് പ്രവർത്തിച്ചു.
അന്ന് അവിടെ വെച്ച് എന്നെ കണ്ടപ്പോൾ വില്ലിയേട്ടന്റെ സംസ്കാരത്തിന് വരാൻ പറ്റാത്തതിനെ കുറിച്ച് മണി സംസാരിച്ചു. ശേഷം ഞാൻ അന്ന് തന്നെ അവിടെ നിന്ന് തിരിച്ചു. റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുമ്പോൾ ഒരു വലിയ പൊതിയുമായി ഒരു പയ്യൻ ഓടി വന്നു. മണി കൊടുത്ത് വിട്ട പൊതിയായിരുന്നു. അതിൽ പണമായിരുന്നു. വില്ലിയേട്ടൻ എനിക്ക് സ്വന്തം ചേട്ടനാണ്.
ഒരു വയറ്റിൽ പിറന്നില്ലെങ്കിലും എനിക്ക് അദ്ദേഹം സഹോദരനാണ് എന്നാണ് മണി എന്നെ ഫോൺ വിളിച്ച് പറഞ്ഞത്. വില്ലിയേട്ടനും മണിയും ഒരുമിച്ച് വർക്ക് ചെയ്തിട്ടുള്ളവരാണ്. അതിനുശേഷം മോനെ കോളേജിൽ ചേർക്കാനും മണി സഹായിച്ചു. ഇതൊന്നും ആർക്കും അറിയില്ല. 25000 രൂപ അടക്കണമായിരുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും വിളിക്കാനാണ് മണി പറഞ്ഞിരുന്നത്. അതുപോലെ വില്ലിയേട്ടന്റെ സംസ്കാരത്തിന് എല്ലാം വേണ്ടി ശങ്കറും പണം തന്നിരുന്നു.
ഇനിയും വേണമെങ്കിൽ പറഞ്ഞാൽ മതിയെന്നാണ് ശങ്കർ പറഞ്ഞത്. പാപനാശം ചെയ്യുന്ന സമയത്ത് മണിയെ ഞാൻ കണ്ടിരുന്നു. അന്ന് ആള് മെലിഞ്ഞ് വല്ലാത്ത അവസ്ഥയിലായിരുന്നു. എന്തുപറ്റി മോനെ എന്താ ഇങ്ങനെയായതെന്ന് ഞാൻ ചോദിച്ചിരുന്നു. തീരെ സുഖമില്ല എനിക്ക്... എന്തൊക്കെയോ തോന്നുന്നു എന്നാണ് മണി പറഞ്ഞത്. നീ നിന്റെ ശരീരം നോക്കൂ. ഇങ്ങനെയായാൽ ശരിയാവില്ല. ആയുർവേദ ക്ലിനിക്കിലോ മറ്റോ പോയി ശരീരത്തിന് വേണ്ടത് ചെയ്യൂ. അലോപ്പതി കഴിച്ചാൽ ശരിയാവില്ല എന്നൊക്കെ ഞാൻ മണിയോട് പറഞ്ഞു. ജനുവരി ഒന്നിനാണല്ലോ മണിയുടെ പിറന്നാൾ. എല്ലാ കൊല്ലവും ആ ദിവസം ഞാനും മക്കളും മുടങ്ങാതെ മണിയെ വിളിച്ച് വിഷ് ചെയ്യും. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് വിളിച്ചിരുന്നു. ഇപ്രാവശ്യം പിറന്നാൾ ഗ്രാന്റാണ്.
അതിന് ചേച്ചിയെ ക്ഷണിക്കണമെന്ന് കരുതിയിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു. പിന്നീട് ഒരു ദിവസം വിളിച്ചു. ചേച്ചിയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഇത് പറഞ്ഞ് വെച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മണി മരിച്ചു. എനിക്ക് വിശ്വസിക്കാൻ പറ്റാത്ത ഒന്നായിരുന്നു അത്. വാർത്ത കേട്ട ഞാൻ ഇരുന്നിടത്ത് നിന്ന് അനങ്ങാതെ ഒരു ദിവസം മുഴുവൻ മരച്ചിരുന്നു. വെള്ളം പോലും കുടിച്ചിട്ടില്ല. അത്രയും ഷോക്കായിപ്പോയി. മലയാള സിനിമയിൽ നിന്ന് എന്നെ സഹായിച്ച ഒരേയൊരാളാണെന്നും ശാന്തി വില്യംസ് പറഞ്ഞു. മരിക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു മണിയുടെ പ്രായം. ഇന്നും അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആരും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
shanthiwilliams openup about how much she had bond with kalabhavanmani