( moviemax.in) ലഹരിക്കേസില്‍ ആര്യൻ ഖാൻ അറസ്റ്റിലായപ്പോൾ, മകനെ ജാമ്യത്തിൽ ഇറക്കാൻ ഷാറൂഖ് ഖാൻ വലിയ വാഗ്ദാനങ്ങൾ നൽകിയെന്ന് മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തഗി വെളിപ്പെടുത്തി. കേസ് ഏറ്റെടുക്കാൻ ഷാറൂഖ് തന്നെ നിർബന്ധിച്ചെന്നും, താൻ വിസമ്മതിച്ചപ്പോൾ ഷാറൂഖ് തന്റെ ഭാര്യയുമായി സംസാരിച്ചാണ് സമ്മതിപ്പിച്ചതെന്നും റോഹ്തഗി റിപ്പബ്ലിക് ടിവിയിലെ ‘ദ് ലീഗൽ സൈഡ് ഓഫ് തിങ്സ്’ എന്ന പരിപാടിയിൽ പറഞ്ഞു. ഇംഗ്ലണ്ടിലായിരുന്ന തന്നെ മുംബൈയിലേക്ക് കൊണ്ടുവരാൻ ഷാറൂഖ് ഒരു പ്രൈവറ്റ് ജെറ്റ് ഏർപ്പാടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘കോവിഡ് കാലമായിരുന്നു. അങ്ങനെയിരിക്കെ ഷാറുഖിന്‍റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ എന്നെ വിളിച്ചു. മുംബെ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ എത്തണമെന്നായിരുന്നു ആവശ്യം. അവധിയൊഴിവാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ നിരസിച്ചു. പക്ഷേ എന്‍റെ നമ്പര്‍ എങ്ങനെയോ സംഘടിപ്പിച്ച് ഷാറുഖ് തന്നെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ചു. സുഹൃത്തിനോട് പറഞ്ഞതു തന്നെ ഞാന്‍ ആവര്‍ത്തിച്ചു. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ‘നിങ്ങളുടെ ഭാര്യയോട് എനിക്കൊന്ന് സംസാരിക്കാമോ?’ എന്നായിരുന്നു ചോദ്യം. താന്‍ ഭാര്യയ്ക്ക് ഫോണ്‍ കൊടുത്തതോടെ , സാധാരണ ക്ലയന്‍റിനെ പോലെ കാണരുതെന്നും ഞാന്‍ ഒരു അച്ഛനാണ് എന്നും അവരോട് പറഞ്ഞു.’’
ഹൃദയം നുറുങ്ങിയുള്ള ഷാറൂഖിന്‍റെ സംസാരം കേട്ട് ഭാര്യയാണ് തന്നോട് കേസ് ഏറ്റെടുക്കാന്‍ പറഞ്ഞതെന്നും റോഹ്തഗി വെളിപ്പെടുത്തി. ‘‘ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് എത്താന്‍ ഷാറുഖ് പ്രൈവറ്റ് ജെറ്റ് അയയ്ക്കാമെന്ന് പറഞ്ഞു. പക്ഷേ ഞാന്‍ അത് സ്വീകരിച്ചില്ല. എനിക്ക് ഈ ചെറു വിമാനങ്ങളോട് അത്ര താല്‍പര്യമില്ല. മുംബൈയിലേക്ക് ഞാന്‍ എത്തി. സാധാരണ താമസിക്കുന്ന നരിമാന്‍ പോയിന്‍റിലെ ട്രൈഡന്‍റിലെത്തി. ഷാറൂഖും അതേ ഹോട്ടലില്‍ മുറിയെടുത്തു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച വിശദമായ നോട്ടുകളും പോയിന്‍റുകളുമായാണ് ഷാറുഖ് കാണാനെത്തിയത്. അതെല്ലാം വച്ച് തന്നോട് സംസാരിച്ചു.’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് താന്‍ വാദിച്ചു , ജാമ്യം ലഭിച്ചുവെന്നും തിരികെ അവധി ആഘോഷിക്കാന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയെന്നും റോഹ്തഗി പറഞ്ഞു.
2021 ഒക്ടോബറിലാണ് ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഉള്‍പ്പടെയുള്ളവരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപിലേക്ക് പോകാനിരുന്ന കപ്പലില്‍ ആര്യന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്‍റ് തുടങ്ങി വിഐപികളുടെ വലിയ സംഘമാണ് ഉണ്ടായിരുന്നത്. റേവ് പാര്‍ട്ടിയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്നത്തെ എന്‍സിബി സോണല്‍ ഓഫിസറായ സമീര്‍ വാങ്കഡെ പരിശോധനയ്ക്കെത്തിയതും ആര്യനുള്‍പ്പടെയുള്ളവരെ പിടികൂടിയതും.
മൂന്നാഴ്ചയോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ആര്യന് ജാമ്യം കിട്ടിയതും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടതും. തുടക്കത്തില്‍ സതീഷ് മാനേ ഷിന്‍ഡെയായിരുന്നു ആര്യന് വേണ്ടി ഹാജരായത്. പിന്നാലെ അമിത് ദേശായി ആര്യന് വേണ്ടി കോടതിയിലെത്തി. കേസ് ബോംബെ ഹൈക്കോടതിയിലേക്ക് എത്തിയതോടെയാണ് മുകുള്‍ റോഹ്തഗി വാദിക്കാന്‍ എത്തിയത്.
Prominent lawyer reveals what Shah Rukh Khan did for his son