തൃശൂർ: ( www.truevisionnews.com ) ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നതെന്ന് സുരേഷ് ഗോപി തിരസ്കരിച്ച ആനന്ദവല്ലി. തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോൾ പറഞ്ഞിരുന്നു കരുവന്നൂരിലെ പണം വാങ്ങി നൽകുമെന്ന്. അതു പ്രതീക്ഷിച്ചാണ് അവിടെ ചെന്നത്. മറുപടി കേട്ടപ്പോൾ വലിയ സങ്കടമായെന്നും ആനന്ദവല്ലി പറഞ്ഞു.
ഒന്നേമുക്കാൽ ലക്ഷം രൂപയാണ് സഹകരണ സംഘത്തിൽ നിന്ന് കിട്ടാനുള്ളത്. ചികിത്സാ ചെലവിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. സഹകരണ സംഘക്കാർ പറ്റിച്ച പണമാണെന്നും ആനന്ദവല്ലി പറഞ്ഞു. സഹകരണ സംഘക്കാരും സുരേഷ് ഗോപിയും സഹായിച്ചില്ല. മാസം മരുന്നു വാങ്ങാൻ ഒരു 10000 രൂപ വെച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടു പോകുമായിരുന്നു.
ചെറുപ്പം തൊട്ടേ സിനിമയിലൊക്കെ കണ്ട് വന്ന ആളായിരുന്നു സുരേഷ് ഗോപി. ആ പ്രതീക്ഷയിലാണ് ഇന്നലെ പോയി കണ്ടത്. മുഖ്യമന്ത്രിയെ പോയി കാണാനൊക്കെ പറഞ്ഞപ്പോൾ ഞാൻ എവിടെ പോയി കാണാനാണെന്നും ആനന്ദവല്ലി പ്രതികരിച്ചു.
തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് വിവാദത്തിന് ഇടയാക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം.
അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. എന്നാൽ, മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ 'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു.
aananda vally response on suresh gopis kalunk debate at thrissur