മിന്നുകെട്ട്, സ്വാമി അയ്യപ്പൻ, സ്ത്രീപദം, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്നു ശബരിനാഥ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലുകളിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി നടന്റെ വിയോഗം സംഭവിച്ചു. ഇന്ന് ശബരിനാഥിന്റെ ഓർമകൾക്ക് അഞ്ച് വയസ് തികയുകയാണ്. ഹൃദയാഘാതമായിരുന്നു മരണകാരണം.
മരിക്കുമ്പോൾ വെറും 43 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരിനാഥിന് സീരിയൽ ലോകത്ത് നിന്ന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാൾ നടൻ സാജൻ സൂര്യയായിരുന്നു. ഇരുവരും തമ്മിൽ മാത്രമല്ല താരങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ലൊരു സ്നേഹബന്ധം നിലനിന്നിരുന്നു.
പ്രിയ സുഹൃത്തിന്റെ വേർപാട് അന്ന് സാജനേയും ഉലച്ചിരുന്നു. യാത്രകളിൽ പോലും ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ശബരിനാഥിന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് സാജൻ സൂര്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. കൂട്ടുകൂടാൻ നേരിൽ വരാഞ്ഞിട്ട് അഞ്ച് വർഷം... സ്വപ്നങ്ങളിൽ മാത്രമായി കൂട്ടുകൂടൽ എന്നായിരുന്നു ശബരിനാഥിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാജൻ സൂര്യ കുറിച്ചത്.
ഫ്രണ്ട്സ് ഫോർ എവർ എന്നതടക്കമുള്ള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം സാജൻ സൂര്യ ചേർത്തിരുന്നു. സൗമ്യനായി പെരുമാറുന്ന വ്യക്തിയായിരുന്നുവെന്നതുകൊണ്ട് തന്നെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ശബരിനാഥ്. സീരിയൽ ലോകത്ത് സജീവമായി നിൽക്കുന്ന നിരവധിപേർ സാജന്റെ പോസ്റ്റിന് താഴെ ശബരിനാഥിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് എത്തി. നടൻ മാത്രമായിരുന്നില്ല നിർമ്മാതാവുമായിരുന്നു ശബരിനാഥ്.
സാഗരം സാക്ഷി സീരിയലിന്റെ സഹനിർമ്മാതാവായിരുന്നു നടൻ. ഹൃദയാഘാതത്തെ തുടർന്ന് നടനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശബരി ഇല്ലാതായിയെന്ന് വർഷം അഞ്ചായിട്ടും വിശ്വസിക്കാനാകുന്നില്ലെന്നാണ് പ്രിയപ്പെട്ടവർക്ക് പറയാനുള്ളത്. രണ്ട് പെൺമക്കളുടെ പിതാവായ ശബരിനാഥ് ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ നടന് ക്ഷീണം തോന്നിയിരുന്നു.
എന്നാൽ അൽപസമയം മാറി വിശ്രമിച്ച ശേഷം വീണ്ടും കളിക്കാമെന്ന് കരുതി. കുറച്ച് സമയം റെസ്റ്റ് ചെയ്തശേഷം എഴുന്നേറ്റപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധാലുവായ ഫിറ്റ്നസ് നിലനിർത്തിയിരുന്ന ദുശീലങ്ങളില്ലാത്ത നടൻ കൂടിയായിരുന്നു. അതിനാൽ തന്നെ എന്തുകൊണ്ട് ശബരിക്ക് ഇങ്ങനെ സംഭവിച്ചുവെന്ന ചോദ്യമാണ് അന്നും ഇന്നും പ്രേക്ഷകരുടേയും പ്രിയപ്പെട്ടവരുടേയും മനസിലുള്ളത്.
എല്ലാ ദിവസങ്ങളിലും ശബരിനാഥുമായി സാജൻ സൂര്യ സംസാരിക്കുമായിരുന്നു. മുമ്പൊരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശബരിനാഥുമായുള്ള സൗഹൃദം ആരംഭിച്ച കഥ നടൻ വെളിപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കും. അവൻ ഈ ലോകത്ത് നിന്ന് പോയിയെന്ന തോന്നൽ എനിക്ക് ഇല്ല. കോളജിൽ പഠിക്കുന്ന കാലം മുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം. ഒരു ബസിലായിരുന്നു യാത്ര. പിന്നീടാണ് സൗഹൃദത്തിലേക്ക് എത്തിയത്.
പതിനെട്ട് വർഷത്തെ സൗഹൃദമായിരുന്നു ഞങ്ങളുടേത്. അവൻ എനിക്കൊപ്പം ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്നു. അവന്റെ ശബ്ദം ഇപ്പോഴും കാതുകളിലുണ്ട്. ശബരിയുടെ വിയോഗത്തിനുശേഷം അവന്റെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. മൂത്തമകൾക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്ന പ്രായമായി. അതുകൊണ്ട് അവൾ എല്ലാം ഉൾക്കൊണ്ട് തുടങ്ങി.
പക്ഷെ ഇളയ മകൾ ഇപ്പോഴും ഇടയ്ക്ക് ശബരിയെ തിരക്കും. അവളുടെ അച്ഛൻ പോയിയെന്ന് അവൾക്ക് അറിയില്ലല്ലോ... കുഞ്ഞല്ലേ... എന്നുമാണ് സാജൻ സൂര്യ പറഞ്ഞത്. ശാന്തിയാണ് ശബരിനാഥിന്റെ ഭാര്യ. മൂത്ത മകൾ ഭാഗ്യ, ഇളയ മകൾ ഭൂമിക.
sajansurya penned a heartfelt note on the death anniversary of television actor sabarinath