ഇടുക്കി: ( www.truevisionnews.com ) ചിത്തിരപുരത്ത് റിസോർട്ടിന്‍റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ പ്രതികൾ. റിസോർട്ട് ഉടമ എറണാകുളം സ്വദേശി ഷെറിൻ അനില ജോസഫ് , ഭർത്താവ് സെബി പി ജോസഫ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.
സ്റ്റോപ്പ് മെമോ ലംഘിച്ചും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് നിർമ്മാണങ്ങൾ നടന്നതാണ് അപകട കാരണമെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. ടാർപോളിൻ ഉപയോഗിച്ച് മുകൾ ഭാഗം മറിച്ചിരുന്നു. ഇതിന്‍റെ താഴെ നിന്നുമാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്.
Two lives lost in Chithirapuram Case filed against husband and wife owners of resort under non-bailable sections