കൊല്ലം: (truevisionnews.com) കൊട്ടാരക്കര കലയപുരത്ത് ഊരിത്തെറിക്കാറായ ടയറുമായി സ്കൂൾ ബസിന്റെ അപകട യാത്ര. ഏനാത്ത് മൗണ്ട് കാർമൽ സ്കൂളിലെ ബസാണ് അപകടകരമായ രീതിയിൽ ഓടിയത്.
സ്കൂൾ ബസിന്റെ മുന്നിലത്തെ ടയർ മീറ്ററുകളോളം ഉരഞ്ഞ് നീങ്ങി. ബസിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നു. സംഭവം മോട്ടോർ വാഹന വകുപ്പ് സേഫ്റ്റി വോളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.
അതേസമയം സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളിൽ വെച്ച് മർദ്ദനമേറ്റു. കൊല്ലം പരവൂരിലാണ് സംഭവം . സാമിയ ബസിലെ ഡ്രൈവറായ പരവൂർ സ്വദേശി സുരേഷ് ബാബുവിനാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് മർദ്ദനമേറ്റത്. മറ്റൊരു ബസിലെ ക്ലീനറാണ് മർദ്ദിച്ചത്. എസ്കെവി ബസിലെ ക്ലീനർ പ്രണവിനെതിരെ പരവൂർ പൊലീസ് കേസെടുത്തു.
സെപ്തംബർ 12 ആം തിയ്യതി വൈകിട്ട് തെക്കുംഭാഗത്ത് വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പരവൂരിൽ നിന്ന് വർക്കലയിലേക്ക് സർവീസ് നടത്തുകയായിരുന്നു സാമിയ ബസ്. അതിനിടയിൽ ബസിൽ കയറിയ പ്രണവ് ബസിന്‍റെ സമയത്തെ ചൊല്ലി തർക്കിച്ചു. ഇത് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സുരേഷ് ബാബുവിനെ നിലത്തിട്ട് മർദ്ദിച്ചു. ഇത് കണ്ട് യാത്രക്കാർ പരിഭ്രാന്തിയിലായി. പ്രണവിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സുരേഷ് ബാബു വ്യക്തമാക്കി.
A school bus accident with a flat tire in Kottarakkara Kalayapuram.