( moviemax.in ) അടുത്തിടെയാണ് ജനപ്രിയ സിറ്റ്കോമായ ഉപ്പും മുളകിലെ താരം കെപിഎസി രാജേന്ദ്രൻ അന്തരിച്ചത്. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു നടൻ. അസുഖം മൂർച്ഛിച്ചപ്പോൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെവെയായിരുന്നു മരണം. ഉപ്പും മുളകിൽ പടവലം വീട്ടിൽ കുട്ടൻപിള്ള അപ്പൂപ്പനായാണ് കെപിഎസി രാജേന്ദ്രൻ അഭിനയിച്ചിരുന്നത്. സീരിയലുകളുടെ ഭാഗമാകും മുമ്പ് നാടക നടനായിരുന്നു കെപിഎസി രാജേന്ദ്രൻ.
അഞ്ചര പതിറ്റാണ്ടായി നാടകരംഗത്ത് നിറഞ്ഞ് നിന്ന രാജേന്ദ്രനെ ആളുകൾ തിരിച്ചറിഞ്ഞത് പക്ഷെ ഉപ്പും മുളകിലെ പടവലം അപ്പൂപ്പനായശേഷമാണ്. ജനപ്രീതിയുള്ള കഥാപാത്രം കൂടിയായിരുന്നു കുട്ടൻപിള്ള. കാരണം എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ഇടയ്ക്കിടെ ഈ പേര് മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ കയറി വരാറുണ്ട്.
കെപിഎസി രാജേന്ദ്രന്റെ വേർപാടോടെ അദ്ദേഹം സീരിയലിൽ അവതരിപ്പിച്ചിരുന്ന കുട്ടൻപിള്ള എന്ന കഥാപാത്രത്തിനും ഉപ്പും മുളകിൽ അവസാനമായിരിക്കുന്നു. പടവലം അപ്പൂപ്പൻ മരിച്ചുവെന്ന രീതിയിൽ പുതിയ എപ്പിസോഡിൽ അവതരിപ്പിച്ചാണ് പടവലം വീട്ടിൽ കുട്ടൻപിള്ള അപ്പൂപ്പനെന്ന കഥാപാത്രത്തിന് അണിയറപ്രവർത്തകർ കൃത്യമായൊരു എന്റിങ് നൽകിയിരിക്കുന്നത്.
അപ്പൂപ്പന്റെ മരണശേഷം പടവലം വീട്ടിലേക്ക് ബാലുവിന്റെയും നീലുവിന്റെയും മകനായ കേശുവും അമ്മായി കനകവും ശങ്കരൻ അമ്മാവനും നീലുവിന്റെ അനിയന്റെ ഭാര്യ ഗൗരിയുമെല്ലാം വരുന്നതും നീലുവിന്റെ അമ്മ ഭവാനിയെ ആശ്വസിപ്പിക്കുന്നതുമെല്ലം എപ്പിസോഡിൽ കാണാം. പടവലം അപ്പൂപ്പനെന്ന കഥാപാത്രം പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒന്നായിരുന്നു.
അതുകൊണ്ട് തന്നെ കഥാപാത്രം മരിച്ചുവെന്ന രീതിയിൽ എപ്പിസോഡിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ അത് നിറകണ്ണുകളോടെയാണ് കണ്ടത്. എപ്പിസോഡ് വലിയൊരു വിങ്ങൽ മനസിന് സമ്മാനിച്ചുവെങ്കിലും ആ കഥാപാത്രത്തിന് മറ്റൊരു മുഖം നൽകേണ്ടെന്ന തീരുമാനം നന്നായി എന്നാണ് ഏറെയും പ്രേക്ഷക പ്രതികരണങ്ങൾ. പടവലം അപ്പൂപ്പന്റെ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി.
കെപിഎസി രാജേന്ദ്രന് പകരമാവാൻ ആർക്കും കഴിയില്ല. മറ്റാര് പടവലം അപ്പൂപ്പനായാലും കഥാപാത്രം ടച്ചിങ്ങാവില്ല, ഇങ്ങനെ എങ്കിലും അപ്പൂപ്പനെ ഓർക്കുന്ന ഒരു എപ്പിസോഡ് വന്ന് കണ്ടതിൽ സന്തോഷമുണ്ട്, ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു നല്ല കാലം ഉണ്ടായിരുന്നു ഉപ്പും മുളകിനും. പടവലം അപ്പൂപ്പൻ എന്നേക്കും മനസിലുണ്ടാകും, ഈ എപ്പിസോഡ് വല്ലാത്ത ഒരു എപ്പിസോഡ് ആയിരുന്നു എന്നിങ്ങനെയായിരുന്നു കമന്റുകൾ.
പടവലം അപ്പൂപ്പന്റെ മകൾ നീലിമയായി അഭിനയിക്കുന്നത് നടി നിഷ സാരംഗാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കുകയാണ് നിഷ. അണിയറപ്രവർത്തകരുമായും സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങളുമാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. സിറ്റ്കോമിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും സിറ്റ്കോമിൽ ഇപ്പോൾ ഭാഗമല്ല.
അടുത്തിടെ നടന്റേയും സിറ്റ്കോമിലെ മറ്റൊരു നടനായ ശ്രീകുമാറിന്റേയും പേരിൽ വന്ന കേസും വിവാദങ്ങളുമാണ് കാരണം. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് ഇരുവർക്കും എതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതിനുശേഷമാണ് ഉപ്പും മുളകിൽ ഇരുവരുടേയും സാന്നിധ്യം ഇല്ലാതായത്.
നിഷ സാരംഗ്, ബിജു സോപാനം, ശ്രീകുമാർ, മുടിയനായി അഭിനയിച്ചിരുന്ന റിഷി തുടങ്ങിയവരെല്ലാം സീരിയലിൽ നിന്നും പോയതോടെ ഉപ്പും മുളകിന് മുമ്പുണ്ടായിരുന്ന ജനപ്രീതിയിലും കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു സമയത്ത് ബാലുവിന്റേയും നീലുവിന്റേയും അഞ്ച് മക്കളുടേയും കൗണ്ടറും രസകരമായ വഴക്കുകളും കാണാൻ പ്രേക്ഷകർ കാത്തിരിക്കുമായിരുന്നു. എന്നാൽ മുമ്പുണ്ടായിരുന്ന പല അഭിനേതാക്കളും ഇപ്പോൾ സീരിയലിൽ നിന്നും വിട്ടുനിൽക്കുന്നത് വ്യൂവർഷിപ്പിലും കുറവ് വരാൻ കാരണമായിട്ടുണ്ട്.
uppum mulakum tribute episode for late television actor kpac rajendran goes viral