( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥികളായ ആദില- നൂറ കോമ്പോയ്ക്ക് എതിരെ ലക്ഷ്മി നടത്തിയ അധിക്ഷേപ പരാമർശം ചോദ്യം ചെയ്ത് മോഹൻലാൽ. ആരെയാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ എന്ന് ഉദ്ദേശിച്ചതെന്നും ഇതിന് ലക്ഷ്മി മറുപടി നൽകിയെ മതിയാകൂ എന്നും മോഹൻലാൽ പറയുന്നുണ്ട്. ഇത്രയും ഗൗരവമായൊരു കാര്യം നടന്നിട്ട് അതിനോട് ഹൗസിലെ മറ്റാരും പ്രതികരിച്ചില്ലെന്നും മോഹൻലാൽ കുറ്റപ്പെടുത്തി.
വീക്കിലി ടാസ്കിനിടെ ആയിരുന്നു ലക്ഷ്മി ഇത്തരമൊരു പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ കാണിച്ചതിന് ശേഷമാണ് മോഹൻലാൽ ലക്ഷ്മിയെ ചോദ്യം ചെയ്തത്. "നിങ്ങൾ(ലക്ഷ്മി) മാന്യമായിട്ടാണോ സംസാരിച്ചത്. ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ. സമൂഹത്തിൽ വിലയില്ലാത്ത ആൾക്കാർ ആരാണ്. ആരെയാണ് ഉദ്ദേശിച്ചത്. ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുറേ മെയിലും മെസേജും ഞങ്ങൾക്ക് വന്നു. ഉത്തരം പറഞ്ഞേ പറ്റു.
നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? നിങ്ങൾ ശരിയായ കാര്യമാണോ പറഞ്ഞത്. നിങ്ങൾക്ക് ഇവിടെ ആരൊക്കെ ഉണ്ടെന്ന് അറിയാം. താല്പര്യം ഇല്ലെങ്കിൽ ഇങ്ങോട്ട് വരരുത്. അത് ഭയങ്കര തെറ്റായ സ്റ്റേറ്റ്മെന്റാണ് ആരെ ഉദ്ദേശിച്ചാണ് അത് പറഞ്ഞത്", എന്ന് ആക്രോശത്തോടെ മോഹൻലാൽ ചോദിക്കുന്നുണ്ട്. "അവിടെയുള്ള ആരും പ്രതികരിച്ചില്ല., അതും വളരെ മോശമായിട്ട് തോന്നി. ആവശ്യമില്ലാത്തതിന് വേണ്ടി പ്രതികരിക്കും. ആരും ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നത് സങ്കടകരമായ കാര്യമാണ്", എന്നും മോഹൻലാൽ പറയുന്നു. മസ്താനിയും ആദില-നൂറ കോമ്പോയ്ക്ക് എതിരെ സംസാരിച്ചിരുന്നു. ഇതും മോഹൻലാൽ ചോദ്യം ചെയ്തു.
"ലെസ്ബിയൻസ് കപ്പിൾസിന്റെ റിലേഷൻ എത്രയും നോർമലൈസ് ചെയ്യുന്നതിനോട് ഞാൻ യോജിക്കുന്നില്ല. വ്യക്തിപരമായി എനിക്കതിനോട് വിയോജിപ്പ് ഉണ്ട്. അതാണ് ഞാൻ പറഞ്ഞ കാര്യം", എന്നായിരുന്നു ലക്ഷ്മി മോഹൻലാലിന് നൽകിയ മറുപടി. "അവര് എങ്ങനെ ആയാലും നിങ്ങൾക്ക് എന്താ. അവര് ജോലി ചെയ്ത് ജീവിക്കുന്നവരല്ലേ. നിങ്ങളുടെ ചെലവിൽ ജീവിക്കുന്നവരാണോ? ഞാൻ എൻ്റെ വീട്ടിൽ കയറ്റുമല്ലോ അവരെ. അവരെന്റെ വീട്ടിൽ വന്നോട്ടെ. നിങ്ങളിത് ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്. നിങ്ങൾ പുറത്തൊക്കെ പോയി ജീവിച്ച ആളല്ലേ. ഞങ്ങൾക്ക് ആർക്കും ഒരു പ്രശ്നവും ഇല്ലല്ലോ? എന്ത് മോശമായിട്ടാണ് സംസാരിച്ചിരിക്കുന്നത്", എന്ന് ലക്ഷ്മിയോട് മോഹൻലാൽ പറയുന്നുണ്ട്.
പിന്നാലെ മസ്താനി തങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ആദില പറയുന്നുണ്ട്. "മസ്താനിയും ഇതുപോലെ പറഞ്ഞിരുന്നു. എന്റെ കുടുംബത്തിലെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇറക്കി വിടുമായിരുന്നു എന്ന്. ഈ ഒരു ചർച്ച നടന്നിരുന്നു ഇവിടെ. ഞങ്ങളെ പോലൊരാൾ നിങ്ങളുടെ കുടുംബത്തിലുണ്ടെങ്കിൽ കൊന്നു കളയുമോ എന്ന് അന്ന് ഞാൻ ചോദിച്ചിരുന്നു", എന്നും ആദില പറഞ്ഞു."ഈ ബന്ധം നോർമലൈസ് ചെയ്യുന്നതിനോട് എനിക്കും താല്പര്യം ഇല്ലെന്ന്", മസ്താനിയും പറഞ്ഞു.
"നിങ്ങളുടെ താല്പര്യം അത് നിങ്ങളിൽ മാത്രം നിക്ഷിപ്തമാണ്. നിങ്ങളുടെ സൗകര്യത്തിന് ജീവിക്കാൻ മറ്റൊരാളെ പ്രേരിപ്പിക്കരുത്. നിങ്ങൾ രണ്ട് പേരും ഷോ തുടങ്ങി കുറേ ദിവസങ്ങൾ കഴിഞ്ഞ ശേഷം വന്നവരാണ്. അവിടെ ആരൊക്കെ ഉണ്ടെന്നും അറിയാം. മറ്റുള്ള ആർക്കും പ്രശ്നമില്ലല്ലോ. നിങ്ങൾക്ക് മാത്രം എന്താണ് ഇത്ര പ്രശ്നം. ഇറങ്ങി പൊക്കോളൂ. ഷോയിൽ നിന്നും ഇറങ്ങി പൊക്കോളൂ, അവിടെ നിൽക്കാൻ താല്പര്യം ഇല്ലെങ്കിൽ എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്. നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തരം കമന്റുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വളരെയധികം പ്രശ്നമുണ്ടാകും ലക്ഷ്മി. അതിപ്പോഴല്ല. അവരോട് എന്തെങ്കിലും പറയാനുണ്ടോ? ഞങ്ങളുടെ ഷോയുടെ അടിത്തറയെ ആണ് നിങ്ങൾ ചോദ്യം ചെയ്യുന്നത്. ലോകത്തിലുള്ള എല്ലാവരും അംഗീകരിച്ച കാര്യമാണത്. അവർക്ക് എന്താണ് കുഴപ്പം ?", എന്ന് മോഹൻലാൽ ചോദിക്കുന്നു.
"ഞാൻ കമ്യൂണിറ്റിക്ക് എതിരായല്ല പറഞ്ഞത്. ഞാനൊരു അമ്മയാണ്. എന്റെ മകനും ഷോ കാണുന്നതാണ്. അവൻ ഇത് കണ്ട് ഇൻഫ്ലുവൻസ് ആകു"മെന്ന് ലക്ഷ്മി പറയുന്നുണ്ട്. "എല്ലാവർക്കും അവവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകും. നല്ല വിദ്യാഭ്യാസം ഉള്ളവരല്ലേ. എനിക്ക് സംസാരിക്കാൻ ലജ്ജ തോന്നുന്നു. വിപ്രോയിൽ വർക്ക് ചെയ്ത് ശമ്പളത്തോടെ ജീവിക്കുന്നവരാണ് ആദിലയും നൂറയും. ഇത്രയും ബുദ്ധിമുട്ടി എന്തിനാണ് ഇവിടെ നിൽക്കുന്നത്. മറ്റുള്ളവരുടെ തലയിൽ കേറിയിരുന്ന് ജീവിക്കരുത്. അത് ശരിയായ കാര്യമല്ല", എന്നും മോഹൻലാൽ പറഞ്ഞു.
mohanlal questioning lakshmi and mastani for adhila noora issue at biggboss