( moviemax.in) ബിഗ് ബോസില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ഉള്ളത് വാരാന്ത്യ എപ്പിസോഡുകള്‍ക്കാണ്. മത്സരാര്‍ഥികള്‍ പ്രേക്ഷകരോട് ചോദിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡുകളാണ് അവ. പല പ്രധാന വിവാദങ്ങളും നടന്നതിന് പിന്നാലെ എത്തുന്ന വാരാന്ത്യ എപ്പിസോഡുകള്‍ ബിഗ് ബോസ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ഈ വാരത്തിലും അത് അങ്ങനെ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ.
ഷോയിലെ ലെസ്ബിയന്‍ കപ്പിള്‍ ആയ ആദിലയെയും നൂറയെയും കുറിച്ച് മോശമായി പരാമര്‍ശിച്ചതിന് ലക്ഷ്മിയെയും മസ്താനിയെയുമാണ് മോഹന്‍ലാല്‍ കുടയുന്നത്. സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കാത്തവൾമാർ, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കേണ്ട കാര്യം തനിക്കില്ല, നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ല എന്നൊക്കെയായിരുന്നു ആദിലയെയും നൂറയെയും കുറിച്ചുള്ള ലക്ഷ്മിയുടെ പരാമര്‍ശം. ആരാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍ എന്നാണ് പുറത്തെത്തിയ പ്രൊമോയില്‍ ലക്ഷ്മിയോട് മോഹന്‍ലാല്‍ ആദ്യം ചോദിക്കുന്നത്. എന്താണ് ലക്ഷ്മി? ഇതിന് ഉത്തരം തന്നേ പറ്റൂ, മോഹന്‍ലാല്‍ തുടര്‍ന്ന് പറയുന്നു.
വ്യക്തിപരമായി അതിനോട് (സ്വവര്‍ഗാനുരാഗത്തോട്) വിയോജിപ്പുണ്ട് എന്നാണ് ഇതിന് ലക്ഷ്മിയുടെ മറുപടി. നിങ്ങളുടെ വിയോജിപ്പ് അവര്‍ക്ക് എന്താ? നിങ്ങളുടെ ചിലവില്‍ ജീവിക്കുന്നവരാണോ? ഞാന്‍ എന്‍റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. ഇത്തരം കമന്‍റുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍..., എന്നാണ് ഇതിനുള്ള മോഹന്‍ലാലിന്‍റെ മറുപടി. പിന്നാലെ എന്താണ് കുഴപ്പമെന്ന് മസ്താനിയോട് ചോദിക്കുകയാണ് മോഹന്‍ലാല്‍. ഇത് (സ്വവര്‍ഗാനുരാഗം) നോര്‍മലൈസ് ചെയ്യുന്നതിനോട് തനിക്കും താല്‍പര്യമില്ലെന്നാണ് മസ്താനിയുടെ മറുപടി.
മറ്റുള്ള ആര്‍ക്കും പ്രശ്നമില്ലല്ലോ, നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മാത്രം എന്താണ് പ്രശ്നം. നിന്‍റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ട്? എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്. ഇറങ്ങി പൊക്കോളൂ, ഷോയില്‍ നിന്ന് ഇറങ്ങി പൊക്കോളൂ, എന്ന് രോഷാകുലനായി പറയുകയാണ് മോഹന്‍ലാല്‍. ഇത് കേട്ട് അമ്പരന്ന് നില്‍ക്കുന്ന മസ്താനിയെയും ലക്ഷ്മിയെയും പ്രൊമോയില്‍ കാണാം.
biggboss malayalam 7 promo mohanlal to ved lakshmi and mastani