(moviemax.in)പ്രേക്ഷകരെ ഞെട്ടിച്ച് വമ്പൻ മുന്നേറ്റവുമായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് ലോക. മലയാളത്തിലെ ആദ്യ വുമൺ സൂപ്പർ ഹീറോ ചിത്രമാണ് ലോക. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഈ ഒരു ഒറ്റ സിനിമയോടെ കല്യാണിക്ക് നിരവധി ആരാധകരാണ് ഉണ്ടായത്. ഇപ്പോഴിതാ സിനിമയ്ക്കൊപ്പം ട്രെൻഡിങ് ആകുകയാണ് ചന്ദ്രയ്ക്ക് സൂപ്പർ പവർ ലഭിച്ച ഗുഹയും.
പയ്യാവൂർ കുഞ്ഞിപ്പറമ്പിൽ ആണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. പയ്യാവൂർ സ്വദേശിപി ഉമ്മറിന്റെ സ്ഥലത്തുള്ള ഈ ഗുഹയുടെ നീളം ഏകദേശം 500 മീറ്ററാണ്. ശരാശരി അഞ്ചുമുതൽ 15 മീറ്റർ വരെ ഉയരമുണ്ട്. വീതി ഏകദേശം 10 മീറ്റർ. വിനോദ സഞ്ചാരികൾ ഒന്നും തന്നെ അധികം എത്തിപ്പെടാത്ത ഗുഹയാണിത്.
ഇരുട്ട് മൂടിയ ഗുഹയിൽ ഏകദേശം 150 മീറ്റർ ഉള്ളിലേക്ക് നടന്നാൽ മുകളിൽ ഒരു വലിയ ദ്വാരം കാണാം. അതിൽനിന്ന് പ്രകാശം ഉള്ളിലേക്ക് പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. ഇപ്പോൾ ഗുഹയിലേക്ക് പ്രവേശനം ഇല്ല. കനത്ത മഴയിൽ ഗുഹയുടെ പ്രവേശനകവാടത്തിലെ മണ്ണിടിഞ്ഞതാണ് കാരണം.ലോകയ്ക്ക് മുന്നേ കുമാരി എന്ന സിനിമയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
അതേസമയം, റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
cave, a heroine who got superpowers in world cinema, is trending