(moviemax.in)ഒരു കാലത്ത് തന്റെ അഭിനയമികവ് കൊണ്ട് ഒരു ജനതയെ മുഴുവൻ ഹരം കൊള്ളിച്ച താരസുന്ദരിയായിരുന്നു സിൽക്ക് സ്മിത. വിടരും മുമ്പ് സ്വയം കൊഴിഞ്ഞുപോയ പ്രിയ കലാകാരി. ആ വിടർന്ന കണ്ണുകളേയും ആകർഷകമായ ചിരിയേയും മാദക സൗന്ദര്യത്തേയും ആരാധിക്കുന്ന നിരവധി പേർ ഇന്നുമുണ്ട്. മുൻനിര നടിമാർക്കൊപ്പം തന്നെ അവർ പ്രശസ്തയായിരുന്നു. സിൽക്ക് സ്മിതയുടെ മരണം ഇന്നും സിനിമപ്രേമികൾക്ക് ദുഖകരമായ ഒരു ഓർമയാണ്. വ്യക്തി ജീവിതത്തിലെ ബുദ്ധിമുട്ടുകൾ, വിശ്വാസവഞ്ചന, സാമ്പത്തിക പ്രതിസന്ധി, ഏകാന്തത എന്നിവ അലട്ടിയിരുന്നതിനാൽ ഒരു ദിവസം നടി സ്വയം ജീവനൊടുക്കുകയായിരുന്നു.
ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് സിൽക്ക് സ്മിത തന്റെ സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അതിലൊരാൾ നടിയായ അനുരാധയായിരുന്നു. വീട്ടിലേക്ക് വരാൻ പറ്റുമോയെന്നാണ് ചോദിച്ചത്. എന്നാൽ മക്കൾ ചെറുതായതിനാലും രാത്രിയായതിനാലും അനുരാധയ്ക്ക് പോകാൻ കഴിഞ്ഞില്ല. നേരം പുലർന്ന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് സിൽക്കിന്റെ മരണ വാർത്ത അനുരാധയുടെ ചെവിയിൽ എത്തുന്നത്. സിൽക്കും ഞാനും ഫ്രണ്ട്സായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ലേബലിൽ സിൽക്കിന് ആരുമില്ല. അത്രത്തോളം ക്ലോസായി ആരെയും വെക്കുന്ന ആളല്ല. അവളെ ആളുകൾ ടെറർ ലേഡിയായാണ് കണ്ടിരുന്നത്.
അടുത്ത് പോയി സംസാരിക്കാൻ പോലും പലർക്കും ഭയമായിരുന്നു. ദേഷ്യപ്പെടുമോയെന്ന് ഭയം. പക്ഷെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ അടുത്ത് കുഞ്ഞുങ്ങളെപ്പോലെയാണ് സിൽക്ക് പെരുമാറുക. തമാശ പറയും കളിയാക്കി ചിരിക്കും. അതാണ് അവളുടെ ഒറിജിനൽ ക്യാരക്ടർ. തന്നെ ചതിക്കുമോയെന്ന ഭയം കൊണ്ടാണ് ആരെയും സിൽക്ക് അടുപ്പിക്കാതിരുന്നത്. ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു.
അതുകൊണ്ട് തന്നെ ഫ്രണ്ട്സായ ചിലർക്ക് അല്ലാതെ സിൽക്കിനെ പറ്റി ആഴത്തിൽ ആർക്കും അറിയില്ല. അമ്മയും ഒരു സഹോദരനും സിൽക്കിനുണ്ടെന്നാണ് അറിഞ്ഞത്. പക്ഷെ ഒരിക്കൽ പോലും സിൽക്കിനൊപ്പം കണ്ടിട്ടില്ല. മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് അവർ നടിയെ കാണാൻ വന്നിരുന്നുവെന്നും കേട്ടിരുന്നു. സത്യമാണോ അല്ലയോയെന്ന് അറിയില്ല. തനിക്ക് വേണ്ടി എന്ന തരത്തിൽ ഒന്നും സിൽക്ക് മാറ്റിവെച്ചില്ല. എല്ലാ പണവും സിനിമ പിടിച്ച് പാഴാക്കി കളഞ്ഞു.
വസ്ത്രം, മേക്കപ്പ്, ആഭരണങ്ങൾ എന്നിവയ്ക്ക് വേണ്ടിയും പണം ചിലവഴിക്കുമായിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന വീട് സ്വന്തമായി വാങ്ങാൻ കരാറാക്കിയിരുന്നു. പിന്നാലെയായിരുന്നു മരണം. വിവാഹിതയായിരുന്നോ എന്നത് അറിയില്ല. ഞാൻ പരിചയപ്പെട്ട കാലം മുതൽ മരണം വരെ സിംഗിളായിരുന്നു. ആരെയും സിൽക്കിന് വിശ്വാസമില്ല. എല്ലാവരോടും ഒരു അകലം പാലിക്കും. ദേഷ്യം വന്നാൽ ഒരുപാട് ബഹളം വെക്കും.
പെട്ടന്ന് സമാധാനപ്പെടുത്താൻ കഴിയില്ല. ഒരു വാട്ടർ ബോട്ടിലിന്റെ പേരിൽ മൂന്ന് മണിക്കൂർ ഷൂട്ടിങ് നിർത്തിവെപ്പിച്ചയാളാണ്. എത്ര സങ്കടം വന്നാലും തളർന്ന് കരയുന്ന സിൽക്കിനെ കണ്ടിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം സിൽക്ക് എന്നെ വീട്ടിലേക്ക് വിളിച്ചിരുന്നു. രാത്രി ഒമ്പത് മണിയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. വീട്ടിലേക്ക് ഒന്ന് വരാൻ പറ്റുമോ സംസാരിക്കണമെന്നാണ് പറഞ്ഞത്. മക്കൾ ഉറങ്ങുകയായിരുന്നു.
രാവിലെ വരട്ടെയെന്ന് ചോദിച്ചു. എന്നാൽ രാവിലെ വരൂ എനിക്ക് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. രാവിലെ എഴുന്നേറ്റപ്പോഴാണ് സിൽക്കിന്റെ മരണ വാർത്ത കേട്ടത്. ഉടനെ സിൽക്കിന്റെ വീട്ടിലേക്ക് പോയി. അപ്പോഴേക്കും ശ്രീവിദ്യാമ്മയും വന്നിരുന്നു. പക്ഷെ ബോഡി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചെന്നപ്പോൾ കണ്ടത് താങ്ങാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു. സിൽക്കിന്റെ ശരീരം ഒരു പഴയ സ്ട്രക്ചറിൽ വരാന്തയിൽ കിടക്കുന്നു. ചുറ്റും ഈച്ചയും. ഞങ്ങൾ ഒരു തുണികൊണ്ടുവന്ന് മൂടി.
അവൾ എന്നെ കാണാൻ ആഗ്രഹിച്ച് വിളിച്ചപ്പോൾ ഞാൻ പോയില്ലല്ലോയെന്ന കുറ്റബോധം എനിക്ക് ഇപ്പോഴുമുണ്ട്. അന്ന് പോയിരുന്നുവെങ്കിൽ സിൽക്ക് ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. വിവാഹജീവിതം കിട്ടിയില്ല, കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിഞ്ഞില്ലെന്ന സങ്കടമൊന്നും സിൽക്കിനുണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും അനുരാധ പറയുന്നു.
actress anuradha revealed silk smithas life behind camera and sudden demise reason