---
title: "'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി"
english_title: "'Privacy should be protected'; Aishwarya Rai files petition in court against dissemination of morphed pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/313789/privacy-should-be-protected-aishwarya-rai-files-petition-in-court-against-dissemination-of-morphed-pictures"
published_at: "2025-09-09T16:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c007c0a8652_VCVCVCVCVCVCFRDFDF.jpg"
keywords: []
---

# 'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

> **Lead Summary:** ന്യൂഡൽഹി: പ്രമുഖ നടി ഐശ്വര്യ റായ് ബച്ചൻ തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഉപയോഗിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും, വ്യക്തിപരമായ സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

## Article Content

ന്യൂഡൽഹി: പ്രമുഖ നടി ഐശ്വര്യ റായ് ബച്ചൻ തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഉപയോഗിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും, വ്യക്തിപരമായ സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

തൻ്റെ അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങളും വിവരങ്ങളും ഉപയോഗിക്കുന്നത് ഉടൻ നിർത്തിവെക്കാൻ ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പരിഗണിച്ചപ്പോൾ ഗൂഗിളിന്റെ പ്രതിനിധിയും കോടതിയിൽ ഹാജരായിരുന്നു. കേസ് തുടർന്ന് വിശദമായി പരിഗണിക്കുന്നതിനായി മാറ്റി.

ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിരവധി വെബ് സൈറ്റുകൾ അനുമതിയില്ലാതെ ഐശ്വര്യറായിയുടെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഐശ്വര്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചില സൈറ്റുകൾ നടിയുടെ ഔദ്യോഗിക സൈറ്റാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ട്. ചില സൈറ്റുകൾ പണപ്പിരിവിനായി പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

നടിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ഇത്തരം സൈറ്റുകളുടെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിളിന്റെ പ്രതിനിധിയോട് ജസ്റ്റിസ് വാക്കാൽ നിർദേശിച്ചു. ഇടക്കാല ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ 2023ലും ബച്ചൻ കുടുംബം കോടതിയെ സമീപിച്ചിരുന്നു. നടിയുടെ മകളായ അരാധ്യ ബച്ചൻ ഗുരുതരാവസ്ഥയിൽ ആണെന്നായിരുന്നു പ്രചാരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/313789/privacy-should-be-protected-aishwarya-rai-files-petition-in-court-against-dissemination-of-morphed-pictures)