( moviemax.in) തിരുവോണം രേണു സുധി ആഘോഷിച്ചത് ബിഗ് ബോസ് ഹൗസിൽ സഹമത്സരാർത്ഥികൾക്കൊപ്പമായിരുന്നു. അമ്മ അടുത്തില്ലായിരുന്നുവെങ്കിലും അസ്സലൊരു ഓണാഘോഷം റിഥപ്പന് വേണ്ടി ചേട്ടൻ കിച്ചു ഒരുക്കിയിരുന്നു. റിഥപ്പന്റെ അഞ്ചാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ കൊല്ലം സുധിയുടെ അമ്മയും ചേട്ടനും കുടുംബവും കിച്ചുവുമെല്ലാം അടുത്തിടെ കോട്ടയത്തെ സുധിലയത്തിൽ വന്നിരുന്നു. അന്നേ അവിടെ വെച്ച് എല്ലാവരേയും ഓണം ആഘോഷിക്കാൻ കൊല്ലത്തേക്ക് കിച്ചു ക്ഷണിച്ചിരുന്നു.
രേണുവിന്റെ മാതാപിതാക്കളും ചേച്ചിയും മക്കളും റിഥപ്പനും ഒരുമിച്ചാണ് കൊല്ലത്തെ വീട്ടിലേക്ക് എത്തിയത്. ചില അസൗകര്യങ്ങൾ കാരണം ഓണം ആഘോഷിച്ചത് അവിട്ടത്തിനായിരുന്നു. റിഥപ്പനേയും രേണുവിന്റെ കുടുംബത്തേയും വരവേൽക്കാൻ ഗംഭീര വിരുന്നും സുധിയുടെ കുടുംബം ഒരുക്കിയിരുന്നു. സുധിയുടെ മരണം സംഭവിച്ച് രണ്ട് വർഷത്തിനുശേഷമാണ് റിതുൽ അച്ഛന്റെ കൊല്ലത്തെ വീട്ടിലേക്ക് വരുന്നത്.
വളരെ വിരളമായി മാത്രമെ സുധിയുടെ ഇളയമകനെ നേരിട്ട് കാണാൻ കിട്ടു എന്നതുകൊണ്ട് തന്നെ ബന്ധുക്കൾ അടക്കം എല്ലാവരും ഒത്തുകൂടിയിരുന്നു. സുധിയുടെ തനിപ്പകർപ്പെന്നാണ് റിതുലിനെ കാണുമ്പോൾ സുധിയുടെ അമ്മ പറയാറുള്ളത്. കൊച്ചുമകനെ ഉമ്മവെച്ചും കൊഞ്ചിച്ചും മതിയായിരുന്നില്ല സുധിയുടെ അമ്മയ്ക്ക്. റിഥപ്പനും രേണുവിന്റെ സഹോദരിയുടെ മക്കൾക്കും വേണ്ടി ഓണക്കോടിയും സുധിയുടെ ചേട്ടനും കുടുംബവും സമ്മാനിച്ചു. ഓണസദ്യയായിരുന്നില്ല. പകരം റിഥപ്പന് ഏറെ ഇഷ്ടമുള്ള ബിരിയാണിയായിരുന്നു കിച്ചു അനിയന് വേണ്ടി ഒരുക്കിയിരുന്നത്. ഏറെനേരം സുധിയുടെ കുടുംബത്തോടൊപ്പം ചിലവഴിക്കുകയും ഓണക്കളികളിൽ പങ്കെടുക്കയും ചെയ്തശേഷമാണ് റിഥപ്പനും രേണുവിന്റെ മാതാപിതാക്കളും എല്ലാം മടങ്ങിയത്.
ഓണത്തിന് രണ്ട് ദിവസം മുമ്പ് അനിയനെ കാണാനും ഓണക്കോടി കൊടുക്കാനും കിച്ചു കോട്ടയത്ത് വന്നിരുന്നു. റിഥപ്പന് ഒപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ കിച്ചു പങ്കിട്ടതോടെ വൈറലായി. നിരവധി ഓണാശംസകളും പ്രാർത്ഥനകളും നേർന്ന് കമന്റുകൾ കുറിച്ചു. രണ്ട് കുടുംബവും ഇപ്പോഴും സന്തോഷത്തോടെ ചേർന്ന് നിൽക്കുന്നതിന് പ്രധാന കാരണം കിച്ചുവാണെന്നാണ് ഏറെയും കമന്റുകൾ.
കിച്ചു... രണ്ട് ഫാമിലിയേയും സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്തു പിടിക്കുക. രേണു പാവമാണ്. ഒരിക്കലും അവർക്ക് ഒരു വേദന വരുന്ന പ്രവൃത്തി കിച്ചുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്. കുത്തിത്തിരുപ്പ് വ്ലോഗേഴ്സിന്റെയും യുട്യൂബർമാരുടെയും കെണിയിൽ വീഴരുത്. കിച്ചുവിനെ കാണുമ്പോൾ സുധി ഈ ലോകത്ത് നിന്ന് പോയിയെന്ന് തോന്നുന്നില്ല, വളരെ സന്തോഷം തോന്നി എല്ലാവരെയും ഒരുമിച്ചുകണ്ടപ്പോൾ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
സുധിലയം വീടുമായി ബന്ധപ്പെട്ട് അടക്കം വിവാദമുണ്ടായപ്പോൾ രേണുവും സുധിയുടെ കുടുംബവും തമ്മിൽ അത്ര സ്വര ചേർച്ചയിൽ അല്ലെന്ന തരത്തിൽ പ്രചരിച്ചിരുന്നു. അതിനാലാണ് കിച്ചു രേണുവിനൊപ്പം കോട്ടയത്ത് നിൽക്കാതെ കൊല്ലത്ത് താമസിച്ച് പഠിക്കുന്നതെന്നും പ്രചരിച്ചിരുന്നു. അത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളേയും ഇല്ലാതാക്കുന്ന തരത്തിലാണ് ഇപ്പോൾ കിച്ചുവിന്റെ വ്ലോഗുകൾ. സുധിയെ ക്രിസ്ത്യൻ ആചാരപ്രകാരം കോട്ടയത്തെ ഒരു പള്ളി സെമിത്തേരിയിലാണ് അടക്കിയിരിക്കുന്നത്.
അടക്കും മുമ്പ് അമ്മയ്ക്ക് കാണാനായി കൊല്ലത്തേക്കും മൃതദേഹം കൊണ്ടുവന്നിരുന്നു. രേണുവിനെ വിവാഹം ചെയ്തശേഷമാണ് സുധി കോട്ടയത്ത് സ്ഥിരതാമസമായത്. ബിഗ് ബോസിൽ മുപ്പത്തിയഞ്ച് ദിവസം പൂർത്തിയാക്കിയശേഷം സ്വമേധയ രേണു വാക്കൗട്ട് ചെയ്യുകയായിരുന്നു. മാനസീകവും ശാരീരികവുമായി തളർന്നുവെന്ന് പലപ്പോഴായി രേണു പറഞ്ഞിരുന്നു. ഹൗസിൽ തുടരാൻ തനിക്ക് ഇനി കഴിയില്ലെന്നും പുറത്തേക്ക് വിടണമെന്നും നിരന്തരമായി രേണു അഭ്യർത്ഥിച്ചതുകൊണ്ടാണ് വാക്കൗട്ട് ചെയ്യാൻ ബിഗ് ബോസ് ടീം രേണുവിനെ അനുവദിച്ചത്. വോട്ടിന്റെ കാര്യത്തിൽ രേണു മുന്നിൽ തന്നെയായിരുന്നു. ഇറങ്ങി കളിച്ചിരുന്നുവെങ്കിൽ ടോപ്പ് ഫൈവിലേക്ക് എത്താനും രേണുവിന് സാധിക്കുമായിരുന്നു.
renusudhi son rithul and elder son kichu celebrate onam with their father family