അവളുടെ രാവുകൾ എന്ന സിനിമ ചെയ്യുമ്പോൾ തനിക്ക് ചില സീനുകളിൽ മടി തോന്നിയിരുന്നെന്ന് നടി സീമ. സിനിമയുടെ സംവിധായകൻ ഐവി ശശി തന്നെയാണ് പിന്നീട് സീമയ്ക്ക് ജീവിത പങ്കാളിയായതു. ഇന്റിമേറ്റായ സീനുകൾ ചെയ്യുമ്പോൾ തനിക്ക് ഐവി ശശി ധെെര്യം തന്നിരുന്നെന്ന് സീമ പറയുന്നു. യെസ് 27 ൽ സംസാരിക്കുകയായിരുന്നു നടി. ചില സീനുകൾ അഭിനയിക്കുമ്പോൾ ഞാൻ പോയി ബാത്ത്റൂമിൽ ഇരുന്ന് കരയും. നീ കരഞ്ഞോ എന്ന് ശശിയേട്ടൻ ചോദിക്കും. അതെ, എനിക്ക് വൃത്തികേടായി തോന്നുന്നു, എന്തിനാണ് എന്നെ ഇങ്ങനെ അഭിനയിപ്പിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നിനക്ക് വൾഗർ ഉണ്ടാകില്ല. ഞാനല്ലേ എടുക്കുന്നത്, നോക്കിക്കോ എന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ വിജയമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലെന്നും സീമ പറഞ്ഞു.
അവളുടെ രാവുകൾക്ക് മുമ്പേ സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം തുടങ്ങിയിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ സീമ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഈ മനോഹര തീരം എന്ന പടത്തിനിടെയായിരുന്നു അത്. അതിൽ ഒരു ഡാൻസായിരുന്നു. ആ സിനിമ തീരുമ്പോൾ ശശിയേട്ടന് എന്നോട് കൂടുതൽ സ്നേഹം തോന്നി. ഞാൻ നിന്നെ വലിയൊരു നടിയാക്കുമെന്ന് പുള്ളി പറഞ്ഞു. എന്തിനാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാനത് മെെൻഡ് ചെയ്യാതെ വന്നു. കാരണം എനിക്ക് നടിയാകണമെന്ന താൽപര്യം തീരെ ഇല്ലായിരുന്നു. ഡാൻസിനോടായിരുന്നു താൽപര്യമെന്ന് സീമ പറഞ്ഞു.
ഡാൻസറായി സിനിമാ രംഗത്തേക്ക് വന്ന സീമ പിന്നീട് തിരക്കുള്ള നായിക നടിയായി മാറി. അവളുടെ രാവുകൾ ആണ് സീമയുടെ കരിയറിൽ വഴിത്തിരിവാകുന്ന സിനിമ. സംവിധായകൻ ഐവി ശശി ഒരുക്കിയ അവളുടെ രാവുകൾ അക്കാലത്ത് വലിയ തരംഗം സൃഷ്ടിച്ചു. അതീവ ഗ്ലാമറസായാണ് ചിത്രത്തിൽ സീമ അഭിനയിച്ചത്. 1980 ലായിരുന്നു ഐവി ശശി-സീമ വിവാഹം. രണ്ട് മക്കളും ഇവർക്ക് പിറന്നു. വിവാഹ ശേഷവും നടി അഭിനയ രംഗത്ത് തുടർന്നിരുന്നു. ഒരു ഘട്ടത്തിൽ നീണ്ട ഇടവേള എടുത്തു. ജീവിതത്തിലെ പ്രാരാബ്ദങ്ങളാണ് സീമയെ സിനിമാ രംഗത്തേക്ക് എത്തിച്ചത്.
കഷ്ടപ്പാടുകൾ നേരിട്ട ബാല്യകാലമായിരുന്നു തനിക്കെന്ന് നടി ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മയെ നല്ല രീതിയിൽ നോക്കണം എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് താൻ മുന്നോട്ട് നീങ്ങിയത്. അമ്മയെ നോക്കണം എന്ന ചിന്തയേ കുഞ്ഞിലേ തൊട്ടുള്ളൂ. ഒമ്പത് വയസിൽ എന്റെ മനസിൽ തോന്നിത്തുടങ്ങിയതാണ് ആ ചിന്ത. പക്ഷെ ഇപ്പോൾ എന്റെ കുട്ടികളുടെ കൂടെ കൂടി ഞാനും ഒരു കുട്ടിയാണ്. കുഞ്ഞിലേ താെട്ട് വേദനകളുണ്ടായിട്ടുണ്ട്. ജനിച്ചപ്പോൾ നല്ലൊരു പൊസിഷനിൽ ആയിരുന്നു. പിന്നെ ഏഴ് വയസായപ്പോൾ അത് ഇല്ലാതായി. . അമ്മ വളരെ ബോൾഡായിരുന്നു. അമ്മയുടെ മനക്കരുത്താണ് തനിക്ക് ലഭിച്ചതെന്നും സീമ പറഞ്ഞിട്ടുണ്ട്.
ഭർത്താവ് എന്ന സ്ഥാനത്തേക്കാളും ഐവി ശശി തന്റെ ഗുരുസ്ഥാനീയനാണെന്ന് സീമ പറഞ്ഞിട്ടുണ്ട്. സീമ പണ്ട് ചെയ്ത കഥാപാത്രങ്ങളിൽ പലതും ഇന്നും പ്രേക്ഷകർ ഓർക്കുന്നു. പണി ആണ് സീമയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏറെക്കാലത്തിന് ശേഷം നടി ചെയ്ത മലയാള സിനിമയാണിത്. ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ സീമ അവതരിപ്പിച്ചത്. പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ സീമ തയ്യാറല്ല. കരിയറിൽ സജീവമായിരുന്ന കാലത്ത് മലയാളത്തിൽ നായികയായും സഹ നായികയായും തുടരെ സിനിമകൾ സീമ ചെയ്തിട്ടുണ്ട്.
seema recalls how she acted- in avalude ravukal movie says she cried after some scenes