( moviemax.in) തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് നടന്‍ അശോക് കുമാറിന് (മുരുക അശോക്) പരിക്ക്. വട മഞ്ജു വിരട്ട് എന്ന ചിത്രത്തിന്‍റെ ഡിണ്ടിഗുള്‍ ഷെഡ്യൂളിനിടെയാണ് സംഭവം. ജല്ലിക്കട്ടിന്‍റെ ഒരു വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കുന്ന സിനിമയാണിത്. ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളയോട് നടന്‍ അടുത്ത് പെരുമാറിയ സമയത്താണ് അപ്രതീക്ഷിതമായി അപായമുണ്ടായത്. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നെഞ്ചിന് താഴെയായാണ് അശോക് കുമാറിന് മുറിവ് ഏറ്റത്. കൂടുതല്‍ അപായകരമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് നടന്‍ രക്ഷപെടുകയായിരുന്നു. ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയതിന് ശേഷം സിനിമയുടെ ചിത്രീകരണം തുടര്‍ന്നു.
https://x.com/Pro_Gopinath/status/1965274844121235773
അശോക് കുമാര്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് വട മഞ്ജു വിരട്ട്. ചിത്രത്തില്‍ മഞ്ജു വിരട്ടിന്‍റെ സീക്വന്‍സുകള്‍ നിരവധിയുണ്ട്. ഒപ്പം ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയകഥയും പറയുന്നുണ്ട് ചിത്രം. അഴകര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ പുദുകൈ എ പളനിസാമി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സങ്കിലി സിപിഎ ആണ്.
ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ അണിയറക്കാര്‍ തയ്യാറായിരുന്നെങ്കിലും അത് വേണ്ടെന്ന നിലപാട് ആയിരുന്നു അശോക് കുമാറിന്‍റേത്. ചിത്രീകരണങ്ങളില്‍ മുന്‍പും ഉപയോഗിച്ചിട്ടുള്ള കാളയാണ് നടനെ കുത്തിയത്. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് അശോക് കുമാര്‍ പ്രതികരിച്ചു.
മനുഷ്യര്‍ക്ക് ദേഷ്യം വന്നാല്‍ അത് വാക്കുകളിലൂടെ പ്രകടിപ്പിക്കും. പക്ഷേ മൃഗങ്ങള്‍ക്ക് ദേഷ്യം തോന്നിയാല്‍ അത് അവര്‍ ഇങ്ങനെയൊക്കെയാണ് പ്രകടിപ്പിക്കുക. മുറിവ് കുറച്ച് കൂടി മുകളില്‍ ആയിരുന്നങ്കില്‍ അത് നെഞ്ചിലേക്ക് ആവുമായിരുന്നു. കുറച്ചുകൂടി ആഴത്തില്‍ ആയിരുന്നെങ്കില്‍ അത് ശ്വാസകോശത്തിന് മുറിവേല്‍പ്പിച്ചേനെ, അശോക് കുമാര്‍ പ്രതികരിച്ചു. തമിഴില്‍ 25 സിനിമകളിലധികം അഭിനയിച്ചിട്ടുള്ള നടനാണ് മുരുക അശോക് എന്ന അശോക് കുമാര്‍. മുരുക, പിടിച്ചിര്ക്ക്, കോഴി കൂവുത്, ഗ്യാങ്സ് ഓഫ് മദ്രാസ് തുടങ്ങിയവയാണ് ചില ശ്രദ്ധേയ ചിത്രങ്ങള്‍.
Actor Ashok Kumar injured after being gored by a bull during the shooting of a Tamil film