( moviemax.in) ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ 'കാന്താര' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമ ഒക്ടോബർ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ലോകമെമ്പാടും പ്രദർശനത്തിനെത്തും. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമാ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1 ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിൻറെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു. പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
The wait is over; 'Kanthara Chapter 1' to hit theaters on October 2; Prithviraj Productions is bringing it to Kerala