മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. ഒന്നേകാൽ ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇപ്പോഴിതാ ആ സംഭവം വൈറലായതിന് പിന്നാലെ അതിന് മുൻപുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടി.
സാരി ഉടുത്ത് മുല്ലപ്പൂ തലയിൽ വെച്ച് എയർപോർട്ടിൽ വരുന്നതും ലോഞ്ചിൽ നിന്ന് ആഹാരം കഴിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ‘ഫൈൻ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് തമാശരൂപേണ നവ്യ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതോടെ അടുത്ത വൈറൽ വീഡിയോയായി മാറി.
കമന്‍റുമായി രമേഷ് പിഷാരടിയടക്കമുളളവരും എത്തി ‘അയാം ഫൈന്‍ താങ്ക്യൂ’ എന്നാണ് പിഷാരടി കുറിച്ചത്. ‘അവർ ഫൈൻ അടക്കട്ടെ വരൂ നമുക്ക് അടുത്ത റീൽസ് കാണാം’, ‘ഏത് മൂഡ്… ഫൈന്‍ മൂഡ്’, ‘ഒന്നേ മുക്കാൽ ലക്ഷത്തിന്റെ തല’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. സംഭവത്തെ പറ്റി നവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം നടി പങ്കുവെച്ചത്.
ഒന്നേകാല്‍ ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിവിടെ പങ്കെടുക്കാനെത്തിയതെന്ന നടിയുടെ തമാശ കലര്‍ന്ന വെളിപ്പെടുത്തലില്‍ സദസും പൊട്ടിചിരിച്ചു. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയത്. തനിക്ക് ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് തെറ്റ് തന്നെയാണെന്നും നവ്യ സമ്മതിച്ചു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Actress Navya Nair fined for possessing jasmine at Melbourne International Airport