( moviemax.in ) മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികളും ആരാധകരുമെല്ലാ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. മലയാളികള്‍ ഏവരും കാത്തിരുന്ന മോഹന്‍ലാലിന്‍റെ ജന്മദിനാശംസയും എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാലിന്‍റെ ആശംസാ വിഡിയോയിലുള്ളത്.
ഈ അവസരത്തിൽ അദ്ദേഹത്തെ കുറിച്ചും പാട്രിയേറ്റ് സിനിമയെ കുറിച്ചും കഴിഞ്ഞ ദിവസം മോഹൻലാല്‍ തുറന്ന് സംസാരിച്ചിരുന്നു. "മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന്, "വളരെ സന്തോഷം. നന്ദി ദൈവമേ എന്നാണ് പറയേണ്ടത്. ഒരുപാട് പേരുടെ പ്രാർത്ഥനയാണ്. അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നു. പോയി കാണുകയും ചെയ്തു. നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യമാണ്. സ്വന്തമായി അനുഭവിക്കേണ്ട കാര്യമാണ്. ഏത് കാര്യമായാലും അങ്ങനെ തന്നെ. മനുഷ്യന്റെ ഉള്ളിൽ സംഭവിക്കുന്ന കാര്യമല്ലേ. ഒരുപാട് പേരുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ടായി. ഞങ്ങൾ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പാട്രിയേറ്റ് എന്ന സിനിമയിൽ. അതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു", എന്നാണ് മോഹൻലാൽ പറഞ്ഞത്.
ലാലേട്ടൻ മമ്മൂക്കയെ സ്നേഹിക്കുന്നത് പോലെ നിങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരനെ കണ്ടെത്തണമെന്നാണ് ആരാധകര്‍ വിഡിയോക്ക് താഴെ കമന്‍റ് ചെയ്യുന്നത്. 'ലാലിൻ്റെ ഇച്ചാക്കാ എന്ന വിളിയോളം മനോഹരമായി മറ്റൊരാൾക്കും മമ്മൂട്ടിയെ അഭിസംബോധന ചെയ്യാനാവില്ല, കോവിഡ് കാലത്തെ മമ്മൂട്ടിയുടെ ജന്മദിനാശംസയോളം ഹൃദ്യസ്ഥമായ ജന്മദിനാശംസ ലാലിന് കിട്ടിയിട്ടുണ്ടാവില്ല' എന്നാണ് ഷെഫീഖ് വടക്കേതിൽ എന്ന ആരാധകൻ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ബിഗ് ബോസ് ഷോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹൻലാൽ ഇന്ന് പരിപാടി അവതരിപ്പിക്കുന്നത്.
അതിനിടെ, പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് മമ്മൂട്ടിയിപ്പോൾ. 'നിങ്ങൾക്കും ദൈവത്തിനും നന്ദി' എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം തന്റെ ആരാധകർക്ക് നന്ദി അറിയിച്ചു. ഒരിക്കൽ കൂടി ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് തന്റെ ശക്തിയെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ വേഷത്തിൽ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
mohanlal wishes mammootty a happy birthday