കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. 50 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 400-ൽ അധികം സിനിമകളിൽ അഭിനയിച്ചു. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രിയനടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ ഉടലെടുത്തുകൊണ്ടിരിക്കുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾദിനമെന്ന് സന്തതസഹചാരിയായ എസ്. ജോർജ് പറഞ്ഞു. ചികിത്സാർഥം സിനിമയിൽനിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കുപോയ മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയാൽ ഉടൻ മഹേഷ് നാരായണന്റെ പുതിയചിത്രത്തിൽ ചേരുമെന്ന് സൂചനയുണ്ട്. മലയാളത്തിനപ്പുറം വിവിധ ഇന്ത്യൻ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു.പ്രായത്തിന് റിവേഴ്സ് ഗിയറിട്ട പോരാളിയാണ് മമ്മൂട്ടി.
Malayalam megastar Mammootty turns 74 today