(moviemax.in) ജനപ്രിയ പരമ്പരയായ പവിത്ര റിഷ്തയിലൂടെ പ്രശസ്തയായ നടി പ്രിയ മറാത്തെ അന്തരിച്ചു. 38-ാം വയസ്സിലായിരുന്നു അന്ത്യം. താനെ ജില്ലയിലെ മീര റോഡിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു താരത്തിന്റെ വിയോഗം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ബാലാജി ടെലിഫിലിംസിന്റെ കസം സേയിൽ വിദ്യാ ബാലിയെന്ന കാഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയയായിരുന്നു. പിന്നീട് കോമഡി സർക്കസിന്റെ ആദ്യ സീസണിലെത്തി. പിന്നാലെ ചാർ ദിവസ് സ്വാസ്ച് ഉൾപ്പടെയുള്ള സീരിയലുകളിലൂടെ അഭിനയത്തിൽ സജീവമായി.
ബഡേ അച്ചേ ലഗ്തേ ഹേയിൽ പ്രിയ അവതരിപ്പിച്ച ജ്യോതി മൽഹോത്ര എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഉത്തരൺ, ഭാരത് കാ വീർ പുത്ര്–മഹാറാണ പ്രതാപ്, സാവ്‍ധാൻ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ എന്നിവയിലും നടി അഭിനയിച്ചു. ആരോഗ്യകാരണങ്ങളാൽ പിന്നീട് പ്രിയ അഭിനയ രംഗത്ത് നിന്ന് പിന്മാറിയിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്.
Actress PriyaMarathe, known for her role in the popular series Pavitra Rishta, has passed away.