(moviemax.in) മലയാളി പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമുള്ള നടിയാണ് നവ്യ നായർ. അഭിനയ രംഗത്ത് ഇപ്പോൾ പഴയത് പോലെ സജീവമല്ലെങ്കിലും നവ്യ ചെയ്ത കഥാപാത്രങ്ങൾ വർഷങ്ങൾക്കിപ്പുറവും ജനമനസിൽ നിൽക്കുന്നു. നന്ദനമാണ് ഏവരും എടുത്ത് പറയുന്ന നവ്യ നായർ ചിത്രം. കല്യാണരാമൻ, ചതിക്കാത്ത ചന്തു തുടങ്ങി കരിയറിൽ നവ്യക്ക് ഹിറ്റുകൾ ഏറെയുണ്ട്. വിവാഹ ശേഷമാണ് നടി സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ സിനിമകളിൽ വല്ലപ്പോഴുമേ നവ്യയെ കാണാറുള്ളൂ. എന്നാൽ നൃത്ത രംഗത്ത് സജീവമാണ്. നവ്യയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി ആരാധകർക്ക് ചോദ്യങ്ങളുണ്ട്.
ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം ഇപ്പോൾ അപൂർവമായേ കാണാറുള്ളൂ. സന്തോഷ് മുംബെെയിൽ തന്റെ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. നവ്യ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ താമസിക്കുന്നു. ഒപ്പം മകനുമുണ്ട്. ഡാൻസ് സ്കൂളും നവ്യ ഇന്ന് നടത്തുന്നുണ്ട്. കരിയറുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണോ അതോ ഭർത്താവുമായി അകന്നത് കൊണ്ടാണോ നവ്യ മുംബെെയിൽ ഭർത്താവിനൊപ്പം കഴിയാത്തതെന്ന ചോദ്യങ്ങളാണ് ആരാധകർക്ക്.
ഇത് സംബന്ധിച്ച് വരുന്ന ഗോസിപ്പുകളൊന്നും നവ്യ കാര്യമാക്കാറില്ല. കുടുംബ ജീവിതത്തിലേക്ക് മാത്രം ശ്രദ്ധ കൊടുത്ത് വീട്ടമ്മയായി കഴിയാൻ താൽപര്യമില്ലെന്ന് നവ്യ ഒന്നിലേറെ തവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയതാണ്. 24 വയസിലായിരുന്നു നവ്യയുടെ വിവാഹം. ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളും വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത പ്രായം. ആ കാലഘട്ടത്തിൽ യാഥാസ്ഥിതിക കാഴ്ചപ്പാടുകളായിരുന്നു നവ്യക്ക്.
വിവാഹ ശേഷം ഭർത്താവിന്റെ കീഴിലാണ് ജീവിതമെന്നും അദ്ദേഹം വഴക്ക് പറഞ്ഞാൽ കേൾക്കാൻ താൻ ബാധ്യസ്ഥയാണെന്നും താൻ കരുതിയിരുന്നെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ നവ്യ പറഞ്ഞത്. വിവാഹ ശേഷം ഇനി കരിയറിൽ തുടരാനാകില്ലെന്നും നവ്യ കരുതി. ജീവിതം മുംബെെയിലേക്ക് പറിച്ച് നട്ടു. 2010 ലായിരുന്നു നവ്യയുടെ വിവാഹം. അക്കാലഘട്ടത്തിലും അതിന് മുമ്പുള്ള ജനറേഷനിലും നായിക നടിമാർ വിവാഹ ശേഷം അഭിനയ രംഗം വിടുന്നതായിരുന്നു പൊതുവെ കണ്ട് വരുന്ന രീതി.
നവ്യയും ഇതേ വഴിക്കാണെന്ന് സിനിമാ ലോകവും പ്രേക്ഷകരും കരുതി. സിനിമകളിൽ നവ്യയെ കാണാതായി. എന്നാൽ വിവാഹ ജീവിതത്തിലെ ചട്ടക്കൂടുകൾക്ക് പുറത്ത് കടക്കാൻ നവ്യ നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു. ഡാൻസിൽ ഡിഗ്രി എന്ന ലക്ഷ്യത്തിന് പിറകെ പോകാൻ നവ്യ ആഗ്രഹിച്ചു. എന്നാൽ ഭർത്താവ് പറഞ്ഞ തടസങ്ങൾ കാരണം ഈ സ്വപ്നങ്ങൾ നടന്നില്ലെന്നാണ് നവ്യ ഒരിക്കൽ പറഞ്ഞത്. അമ്മയായ ശേഷം വന്ന പ്രായ പരിധി പിന്നിട്ടതിനാൽ യുപിഎസി എന്ന സ്വപ്നവും നവ്യക്ക് ഉപേക്ഷിക്കേണ്ടി വന്നു.
സിനിമയിൽ ആഗ്രഹിക്കുന്ന റോളുകളും നവ്യക്ക് അക്കാലത്ത് ലഭിച്ചില്ല. എന്ത് ചെയ്യണമെന്ന ആശങ്ക കുറച്ച് കാലം തനിക്കുണ്ടായിരുന്നെന്ന് നവ്യ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരുത്തീ എന്ന സിനിമ നവ്യക്ക് സിനിമാ രംഗത്ത് നല്ല തിരിച്ച് വരവിന് വഴിയൊരുക്കി. പിന്നാലെ കേരളത്തിൽ ഡാൻസ് സ്കൂളും തുടങ്ങി. മുംബെെയിലെ വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കാൻ നവ്യ താൽപര്യപ്പെടുന്നില്ല.
വിവാഹ ജീവിതം എങ്ങനെ തന്റെ സ്വപ്നങ്ങളിൽ പലതിനും തടസമായെന്ന് പറയാൻ നവ്യ മടിച്ചിട്ടില്ല. ഈ തുറന്ന് പറച്ചിലുകൾ പലപ്പോഴും വേർപിരിയൽ അഭ്യൂഹങ്ങൾക്ക് വഴി വെച്ചു. മഞ്ജു വാര്യർ, സംയുക്ത വർമ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് അകന്നവരാണ്. വർഷങ്ങൾക്ക് ശേഷമാണ് ഇവരിൽ പലരും തിരിച്ചെത്തിയത്.
Navya Nair reveals how married life has hindered her dreams