( moviemax.in ) ഓണം സീസണിൽ ബ്രാൻഡ് കൊളാബറേഷനിലൂടെയും ഇവന്റുകളിലൂടെയും ലെെം ലെെറ്റിൽ സജീവമായിരിക്കുകയാണ് അഹാന കൃഷ്ണയും കുടുംബവും. ഒന്നിന് പിറകെ ഒന്നായി അഹാന ആഡുകൾ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും ഇവർ ആഡ് ചെയ്യുന്നത് മുമ്പത്തേക്കാൾ വലിയ ബ്രാൻഡുകളാണ്. ഇന്ന് മുൻനിര സിനിമാ താരങ്ങൾക്ക് പോലും ഇത്രയധികം പരസ്യങ്ങൾ ലഭിക്കുന്നില്ലെന്ന് അഭിപ്രായങ്ങളുണ്ട്. ഓണക്കാലമായാൽ ഏറ്റവും കൂടുതൽ പരസ്യങ്ങളിൽ മലയാളികൾ കാണുന്ന മുഖം നടി മഞ്ജു വാര്യരുടേതാണ്.
കറി പൗഡറുകൾ, ജ്വല്ലറി, ഹോം ആക്സസറീസ്, സോപ്പ് തുടങ്ങി തുടരെ ആഡുകളുമായി മഞ്ജു ഇത്തവണയും ഓണക്കാലത്ത് പണം വാരിക്കൂട്ടുകയാണ്. ഇതേക്കുറിച്ച് പലപ്പോഴും ട്രോളുകൾ വന്നിട്ടുണ്ട്. എന്നാൽ ട്രോളുകൾ ആസ്വദിക്കുന്നയാളാണ് മഞ്ജു. ഒരിക്കൽ ഇത്തരം ട്രോളുകളിലൊന്ന് നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു.
മഞ്ജു അടക്കി വാഴുന്ന തട്ടകമാണ് കേരളത്തിലെ ഓണക്കാല പരസ്യങ്ങൾ. ഇവിടെയിപ്പോൾ പ്രബല സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് അഹാന കൃഷ്ണയും. അഹാനയേക്കാൾ താരമൂല്യവും മാർക്കറ്റ് വാല്യുവുമുള്ള നടിമാർ മോളിവുഡിലുണ്ട്. എന്നാൽ ഇവർക്ക് പോലും ഇത്രയധികം ആഡുകൾ കിട്ടുമോ എന്ന് സംശയമാണ്. സിനിമാ താരങ്ങളുടെ നിരയിലേക്ക് ഇൻഫ്ലുവൻസർമാർ കടന്ന് വരുന്നതിന്റെ ഉദാഹരണമാണ് ഈ സാഹചര്യം.
എന്നാൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങളോട് ഒരിക്കലും അഹാനയ്ക്ക് ഈ മേഖലയിൽ മത്സരിക്കാൻ പറ്റില്ല. കാേടികൾ കൊടുത്താണ് മഞ്ജുവിനെ വമ്പൻ ബ്രാൻഡുകൾ തങ്ങളുടെ മുഖമാക്കുന്നത്. മഞ്ജുവിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുതാണ്. നേരത്തെ കാവ്യ മാധവനുമായി അഹാന കൃഷ്ണ ബിസിനസ് രംഗത്ത് മത്സരിക്കുന്നു എന്ന് വാദങ്ങൾ വന്നിരുന്നു.
അടുത്തിടെയാണ് സിയ എന്ന പേരിൽ സാരികളുടെ ബിസിനസിന് അഹാനയും കുടുംബവും തുടക്കമിട്ടത്. കാവ്യ ഈ മേഖലയിൽ വർഷങ്ങളായി ബിസിനസ് നടത്തുന്നുണ്ട്. സ്വന്തമായി ഷോപ്പും കാവ്യക്കുണ്ട്. ഓണം സീസണിൽ കാവ്യയുടെയും അഹാനയുടെയും സാരികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. കാവ്യക്ക് വേണ്ടി മീനാക്ഷി ദിലീപ് മോഡലായപ്പോൾ അഹാനയും സഹോദരുമാരും അമ്മയും സ്വന്തം സാരികൾക്ക് മോഡലായി. ഇത് മത്സരമായാണ് നെറ്റിസൺസ് കണ്ടത്. അച്ഛൻ അടുത്തിടെ മരിച്ചതിനാൽ കാവ്യ ഫോട്ടോഷൂട്ടുകൾ ഒഴിവാക്കി.
ആഡുകൾക്ക് പുറമെ ഓണക്കാലത്തെ വ്ലോഗുകളിലൂടെയും അഹാനയും കുടുംബവും വരുമാനമുണ്ടാക്കുന്നുണ്ട്. താര കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിലാണ് പരസ്യ മേഖലയിൽ ഇൻഫ്ലുവൻസർമാർ ഇത്രത്തോളം വലിയ സാന്നിധ്യമായത്. ഇത് ഈ മേഖലയിലെ പരമ്പരാഗതമായ പല രീതികൾക്കും മാറ്റം വരുത്തി. ഒരു കണ്ടന്റ് ക്രിയേറ്ററെ സമീപിക്കുന്ന ബ്രാൻഡിന് ഇന്ന് വളരെ പെട്ടെന്ന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റുന്നു. വ്യത്യസ്തമായ റീലുകളിലൂടെ പ്രൊഡക്ടുകളെ പ്രൊമോട്ട് ചെയ്യാൻ ഇൻഫ്ലുവൻസേർസിന് കഴിയുന്നു.
ആഡുകളുടെ റീച്ചിനെക്കുറിച്ച് വ്യക്തമായ വിവരവും ബ്രാൻഡുകൾക്ക് ലഭിക്കുന്നു. അതേസമയം ഇൻഫ്ലുവൻസർമാർക്ക് ലഭിക്കുന്ന ജനപ്രീതി ശ്വാശ്വതമാണോ എന്ന ചോദ്യവുമുണ്ട്. പലരും ഇത് മുന്നിൽ കണ്ട് ഇൻഫ്ലുവൻസിംഗ് കരിയറിനൊപ്പം ബിസിനസിലേക്കും മറ്റും കടക്കാറുണ്ട്. സോഷ്യൽ മീഡിയ ജീവിതം മാറ്റി മറിച്ചവർ ഇന്ന് ഏറെയാണ്. പേളി മാണി, ദിയ കൃഷ്ണ തുടങ്ങിയ നിരവധി പേരുടെ ജീവിതം ഇതിന് ഉദാഹരണമാണ്. അതേസമയം സ്വകാര്യത ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വരുമ്പോഴുള്ള പ്രത്യാഘാതങ്ങളും ചെറുതല്ല. ജീവിതത്തിലേക്ക് കടന്ന് കയറിയുള്ള അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളും ചിലർക്കെങ്കിലും ബുദ്ധിമുട്ടാകാറുണ്ട്. ഇത് സിനിമാ താരങ്ങളും നേരിടുന്ന പ്രശ്നമാണ്.
influencer ahaanakrishna prominence in advertising industry rising but cant beat actress manju warrier