(moviemax.in) മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയും ചെയ്തു. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്. കാമറയുടെ മുന്നിൽ ലാൽ അഭിനയിക്കുന്നത് കാണുന്നത് ഒരു ഭാഗ്യമാണെന്നും സ്റ്റാർട്ട് കാമറ ആക്ഷൻ എന്ന് പറയുമ്പോൾ വളരെ പെട്ടെന്നാണ് മോഹൻലാൽ കഥാപാത്രമായി മാറുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
'ഒരു ബസ് വാങ്ങി ബുദ്ധിമുട്ടുന്ന ഒരാളുടെ ഏറ്റവും വലിയ പ്രയാസങ്ങളിൽ ഒന്നാണ് വരവേൽപ്പ് എന്ന സിനിമ. പക്ഷെ നമ്മൾ അതിനെ ഹ്യൂമറസ് ആയിട്ടാണ് അവതരിപ്പിച്ചത്. അപ്പോ ആ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും യോജിച്ച ആളാണ് മോഹൻലാൽ. വളരെ പെട്ടെന്നാണ് മോഹൻലാലിന്റെ ഭാവം മാറുന്നത്. ഒരു കാമറയുടെ മുന്നിലേക്ക് പോകുന്നതിന്റെ തൊട്ടു മുൻപ് വരെയും തമാശയോടെ സംസാരിച്ച് നിന്നിട്ട് സ്റ്റാർട്ട് കാമറ ആക്ഷൻ എന്ന് പറയുമ്പോൾ ലാൽ കഥാപാത്രമായി മാറും. അതൊരു വലിയ അത്ഭുതമാണ്. അതുകൊണ്ടാണ് മോഹൻലാലിനെ അഭിനയിപ്പിച്ച് കൊതിതീർന്നിട്ടില്ല എന്ന് ഞാൻ പറയുന്നത്. നമ്മുടെ കാമറയുടെ മുന്നിൽ ലാൽ അഭിനയിക്കുന്നത് കാണുന്നത് ഒരു ഭാഗ്യമാണ്. ഹൃദയപൂർവം ചെയ്യുമ്പോഴും അത്തരം മോമെന്റുകൾ ഉണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിച്ചത്', എന്നാണ് സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.
അതേസമയം, ഹൃദയപൂർവ്വം ഇന്ന് തിയേറ്ററുകളിലെത്തി. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.
Sathyan Anthikad shares his experiences of working with Mohanlal