(moviemax.in) ശബ്ദത്തിലൂടെയും സംസാരശൈലിയിലൂടെയും മിനി വ്‌ളോഗുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് രാഹുൽ രാമചന്ദ്രൻ. ഭാര്യ ശ്രീവിദ്യ മുല്ലച്ചേരിയും അഭിനയത്രി ആണ്. മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെ രാഹുൽ പങ്കുവെയ്ക്കുന്ന മിനി വ്ളോഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീവിദ്യയുടെ നാടായ കാസർകോട്ടെ തെയ്യം കഥകളും ബാലിയിൽ യാത്ര പോയ അനുഭവങ്ങളും രാഹുലിന്റെയും ശ്രീവിദ്യയുടെയും പ്രണയകഥയുമൊക്കെ രാഹുൽ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ശ്രീവിദ്യയുടെ ഒരു ഡാൻസ് പെർഫോമൻസ് കാണാൻ പോയ കഥയാണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടികളുടെ സ്റ്റേജ് പെർഫോമൻസ് കാണാൻ ചങ്കിടിപ്പോടെ കർട്ടൻ പൊങ്ങുന്നതും കാത്തിരിക്കുന്ന മാതാപിതാക്കളുടെ അതേ ചങ്കിടിപ്പാണ് ശ്രീവിദ്യയുടെ പെർഫോമൻസ് കാണാൻ കാത്തിരുന്നപ്പോൾ തനിക്ക് തോന്നിയതെന്ന് രാഹുൽ പറയുന്നു. ഇനിയും ഇതുപോലുള്ള വേദികളിൽ ശ്രീവിദ്യയെ നൃത്തം ചെയ്യിപ്പിക്കണം എന്നും അതു കാണാൻ ഇതുപോലെ വീണ്ടും വന്നിരിക്കണമെന്നും രാഹുൽ പറയുന്നു. രാഹുലിനെ സ്റ്റേജിനു മുന്നിൽ കാണുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തനിക്ക് തോന്നിയതായി ശ്രീവിദ്യ പറഞ്ഞതായും താരം പറയുന്നുണ്ട്. പെർഫോമൻസിനു മുൻപ് പനി പിടിച്ച് സുഖമില്ലാതായ ശ്രീവിദ്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. പതിവു പോലെ പുതിയ വീഡിയോയ്ക്കു താഴെയും നിരവധി ആരാധകരാണ് സ്നേഹം അറിയിച്ച് കമന്റ് ചെയ്യുന്നത്.
എട്ടു വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് രാഹുലും ശ്രീവിദ്യയും വിവാഹം ചെയ്‍തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു വിവാഹം. അടുത്തിടെയാണ് ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്. പ്രധാനമായും ടീഷർട്ടുകളാണ് കറ്റൈറിൽ വിൽക്കുന്നത്. ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.
Rahul Ramachandran tells the story of going to watch his wife dance