(moviemax.in) അടുത്തിടെ നിരവധി സൈബർ ആക്രമണങ്ങൾ ഏറ്റുവാങ്ങിയ ഒരു വ്യക്തിയാണ് രേണു സുധി. ബിഗ് ബോസ് മലയാളം സീസൺ 7 വരുന്നുവെന്ന പ്രഖ്യാപനം വന്നതു മുതൽ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്ന് കേട്ട പേരായിരുന്നു രേണു സുധിയുടേത്. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഓഗസ്റ്റ് 3ന് ബിഗ് ബോസ് തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചത് പോലെ രേണു ഷോയിൽ എത്തി. ആദ്യമെല്ലാം കുറച്ചെങ്കിലും ആക്ടീവ് ആയിരുന്ന രേണുവിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന് ആണ് പ്രേക്ഷകാഭിപ്രായം. വ്യക്തമായ നിലപാടുകളില്ലാതെ, ഗെയിം എന്താണെന്ന് അറിയാതെ ബിഗ് ബോസ് ഹൗസിൽ എത്തിയ മത്സരാർത്ഥിയാണ് രേണു എന്നാണ് പ്രേക്ഷകാഭിപ്രായം. ഷോ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തനിക്ക് പറ്റുന്നില്ല, വീട്ടിൽ പോകണമെന്ന് രേണു സുധി പറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ ദിവസം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് രേണു.
നൂറയോടാണ് രേണുവിന്റെ സംസാരം. 'എനിക്ക് പറ്റുന്നില്ലെടി. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. മാനസികമായി ഞാൻ ഓക്കെ അല്ല. എനിക്ക് വയ്യെടി. തലപോലും നേരെ നിൽക്കുന്നില്ല. എനിക്ക് വീട്ടിൽ പോകണം. വീട്ടുകാരോട് ഒന്ന് സംസാരിച്ചാൽ മതി. അവര് പറയുന്നത് ഞാൻ കേട്ടോളാം. ശരിക്കും നൂറ ഞാൻ കള്ളം പറയുന്നതല്ല. എന്റെ മൈൻഡ് ശരിയല്ല. ഞാൻ വോട്ട് കിട്ടാനായി ചെയ്യുന്നതാണ് ഇതൊക്കെ എന്ന് നിനക്ക് തോന്നുന്നുണ്ടോ? (ഇല്ലെന്ന് നൂറയുടെ മറുപടി) എനിക്ക് എന്റെ മക്കളാണ് വലുത്. എനിക്ക് പോയാൽ മതി. മാനസികമായി ബുദ്ധിമുട്ടാണ് നൂറ', എന്നാണ് രേണു സുധി പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് രേണു സുധിയെ വിളിച്ച് സംസാരിക്കുകയും ചെയ്തു.
'എന്റെ മൈൻഡ് ഓക്കെ അല്ല ബിഗ് ബോസ്. ഇതൊരു മൈൻഡ് ഗെയിം ആണെന്ന് എനിക്ക് അറിയാം. പക്ഷേ എനിക്ക് പറ്റുന്നില്ല", എന്നായിരുന്നു എന്തുപറ്റിയെന്ന ചോദ്യത്തിന് രേണു സുധി ബിഗ് ബോസിനോ പറഞ്ഞ മറുപടി. പിന്നാലെ "മാനസികമായി രേണു സ്ട്രോങ് ആണല്ലോ. പിന്നെ എന്തുപറ്റി ? അങ്ങനെ ആകാനല്ലേ ശ്രമിക്കേണ്ടത്. ഇവിടെ പല രീതിയിലും പല പ്രതിബന്ധങ്ങളും ഉണ്ടായേക്കാം. അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് നമുക്ക് വിജയം ഉണ്ടാകുന്നത്. ജീവിതത്തിലും ഒരുപാട് പ്രതിസന്ധികൾ നേരിട്ട വ്യക്തിയല്ലേ? പിന്നെ എന്താണ്? നിങ്ങളെ ഉറ്റുനോക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. അവരോട് നീതി പുലർത്തണ്ടേ? മനസിനെ ശക്തിപ്പെടുത്തു', എന്ന് ബിഗ് ബോസ് പറഞ്ഞു.
'കിച്ചു, റിഥപ്പാ.. അമ്മയ്ക്ക് നിങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ എന്തും. ബിഗ് ബോസിനോട് സംസാരിച്ചപ്പോൾ മൈൻഡ് അല്പം സ്ട്രോങ് ആയി. എത്രത്തോളം പ്രേക്ഷകരെന്നെ ഇവിടെ നിർത്തുന്നുവോ അത്രത്തോളം രേണു സുധി ഇവിടെ നിൽക്കും. ഞാൻ ഇവിടെ ഓക്കെയാണെന്ന് പപ്പയോടും അമ്മയോടും പറയുന്നു. എന്റെ മക്കളെ ഒരുപാട് മിസ് ചെയ്യുന്നു. എന്നെക്കാൾ ഒരുപാട് ഒരുപാട് നിങ്ങളെ സ്നേഹിക്കുന്നു", എന്നും കൺഫഷൻ റൂമിൽ വച്ച് രേണു സുധി പറയുകയും കരയുകയും ചെയ്യുന്നുണ്ട്.
Bigg Boss Malayalam Season 7 Renu expresses her sadness to Noora