(moviemax.in) 'കാന്താര' സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും കലാ സംവിധായകനുമായ ദിനേശ് മംഗളൂരു ( 55 ) അന്തരിച്ചു. 'കെജിഎഫ്', 'കിച്ച', 'കിരിക്ക് പാർട്ടി' തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 'കെജിഎഫ്' സിനിമയിലെ ഷെട്ടി എന്ന മുംബൈ ഡോൺ കഥാപാത്രത്തിലൂടെ മലയാളികൾക്കും അദ്ദേഹം സുപരിചിതനാണ്.
സെറ്റിൽ വച്ചുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു നടൻ. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.
ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്. ‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും പ്രവർത്തിച്ചു.
അതേസമയം ‘കാന്താര 2’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മരണമടയുന്ന നാലാമത്തെ നടനാണ് ദിനേശ്. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്. കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം ആദ്യം മരണപ്പെട്ടത്. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് മാസങ്ങൾക്കുശേഷം സിനിമയുടെ ക്രൂവിൽ ഉണ്ടായിരുന്ന വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മുങ്ങി മരിക്കുന്നു. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ജൂണിൽ മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവും ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞു. കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍ ആർടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന നിജുവിന് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 43 വയസ്സായിരുന്നു.
കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണത്തിന് ഇതിനു മുമ്പും നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. നവംബറിൽ, മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലർക്ക് പരുക്കേറ്റെങ്കിലും ഗുരുതരമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം നിർത്തിവച്ചു. സംഭവത്തിനു ശേഷം മോശം കാലാവസ്ഥ കാരണം സിനിമയ്ക്കായി നിർമിച്ച വലുതും ചെലവേറിയതുമായ ഒരു സെറ്റ് സാരമായി തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശക്തമായ കാറ്റും അപ്രതീക്ഷിത മഴയും നാശം വിതച്ചു, ഇത് ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ നിർമാണത്തിൽ കൂടുതൽ കാലതാമസത്തിന് കാരണമായി.
ജനുവരിയിൽ, കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണ സംഘവും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഗുരുതരമായ തർക്കം ഉടലെടുത്തിരുന്നു. ശരിയായ അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമവാസികൾ സംഘത്തെ നേരിട്ടു. ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയുണ്ടായി. വന്യജീവികളെയും പരിസ്ഥിതിയെയും സംഘം ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് ആശങ്ക ഉയർന്നതിനാൽ, വനം വകുപ്പ് പിന്നീട് അന്വേഷണത്തിനായി എത്തി കേസെടുത്തിരുന്നു. അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.
'KGF' star Dinesh Mangalore passes away