തീയറ്ററുകളിൽ വൻ വിജയത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം 'കൂലി'ക്ക് എ സർട്ടിഫിക്കറ്റ് ഒഴിവാക്കണം എന്ന ആവശ്യവുമായി ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സിന്റെ ഹർജി വിധി പറയാൻ മാറ്റി. സിനിമയിൽ അക്രമരംഗങ്ങളുടെ അതിപ്രസരമെന്നാണ് സെൻസർ ബോർഡ് ചൂണ്ടിക്കാണിക്കുന്നത്.
മദ്യപാനം,പുകവലി അടക്കം കുട്ടികൾക്ക് കാണാൻ പാടില്ലാത്ത പലതും സിനിമയിൽ ഉണ്ടെന്നും യു എ സർട്ടിഫിക്കറ്റ് വേണമെങ്കിൽ കൂടുതൽ രംഗങ്ങൾ നീക്കാൻ തയാറാകണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിംസയെ മഹത്വവത്കരിക്കുന്നത് മാത്രം ആണ് പ്രശ്നമെന്ന് സൺ പിക്ച്ചേഴ്‌സ് കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് തമിഴ് സെൽവിയാണ് വാദം കേട്ടത്.
എ സർട്ടിഫിക്കറ്റ് ആയതുകൊണ്ട് തന്നെ രജനിയുടെ ആരാധകരായ കുട്ടികൾക്ക് ചിത്രം കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നതായും, കെ.ജി.എഫ്, ബീസ്റ്റ് തുടങ്ങീ ചിത്രങ്ങൾക്ക് നൽകിയത് യു/എ സർട്ടിഫിക്കറ്റ് ആണെന്നും നിർമ്മാതാക്കൾ ചൂണ്ടികാണിച്ചിരുന്നു. അതേസമയം ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങളെ മറികടന്ന് മികച്ച മുന്നേറ്റമാണ് ചിത്രം ബോക്സ്ഓഫീസിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത് 4 ദിവസങ്ങൾകൊണ്ട് തന്നെ ചിത്രം 400 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വിമർശനങ്ങളായിരുന്നു കൂലിക്ക് ലഭിച്ചിരുന്നത്. രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.
'Coolie gets A certificate verdict postponed on producers Sun Pictures petition