(moviemax.in) മമ്മൂട്ടിയുടെ 'താങ്ക് യൂ...'എന്ന വാക്കിന് മറുപടിയായി ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു, 'ഞങ്ങൾ താങ്കളോടാണ് നന്ദി പറയേണ്ടത്, സമൂഹത്തിനുവേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്..' ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ടോക് ടു മമ്മൂക്ക' ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.
'ടോക് ടു മമ്മൂക്ക'യിലേക്ക് ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി സർക്കാർ ഉത്തരവായതിന് പിന്നാലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജിപി തന്നെ തത്സമയ പരാതി പരിഹാരത്തിന് തുടക്കമിട്ടു. കോഴിക്കോട് നടുവണ്ണൂരിൽ നിന്നുള്ള പരാതിയാണ് ഡിജിപി സ്വീകരിച്ചത്. ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി. പദ്ധതിക്ക് പിന്തുണ നൽകുന്നതിന് സർക്കാരിനും ആഭ്യന്തര വകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡിജിപിയെ അറിയിച്ചു.
ലഹരി മരുന്നിനെതിരായ പോരാട്ടത്തിന് പൊലീസിന് ശക്തി പകരേണ്ടത് സമൂഹമാണെന്ന് ചടങ്ങിൽ സംസാരിച്ച ഡിജിപി പറഞ്ഞു. മയക്കുമരുന്ന് കടത്തും വിപണനവും ഉപയോഗവുമെല്ലാം അടങ്ങുന്ന പല ഘട്ടങ്ങളിലൂടെയാണ് ലഹരിവ്യാപനം. അത് തടയാൻ സമൂഹത്തിന് വലിയ ഇടപെടലുകൾ നടത്താൻ സാധിക്കും. ലഹരിക്കടത്തുകാർക്കും കച്ചവടക്കാർക്കുമെതിരെ പൊലീസ് നിയമനടപടികൾ സ്വീകരിക്കും. പക്ഷേ, മയക്കുമരുന്നിന് അടിമകളായവർക്ക് കൗൺസിലിംഗ് പോലുള്ളവ നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരേണ്ടതുണ്ട്. അത്തരം മാർഗങ്ങൾ കൂടി രാജഗിരി ആശുപത്രിയുമായി ചേർന്ന് ടോക് ടു മമ്മൂക്ക പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചുവെന്നത് മാതൃകാപരമാണെന്നും ഡിജിപി വ്യക്തമാക്കി.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹികസേവന പ്രസ്ഥാനമായ കെയർ ആന്റ് ഷെയർ ഇന്റർനാഷണലാണ് 'ടോക് ടു മമ്മൂക്ക'യ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ലഹരിയുടെ പിടിയിലാവയർക്ക് കൗൺസിലിങ് ആവശ്യമെങ്കിൽ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് അതിനുള്ള സൗകര്യം ഒരുക്കി നൽകും. രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി ലഭിക്കും. രാജഗിരി സൈക്യാട്രി വിഭാഗത്തിലെ ഡോ. വിനീത് മോഹൻ, ഡോ.ഗാർഗി പുഷ്പലാൽ, ഡോ.അർജുൻ ബലറാം, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ദിവ്യ കെ തോമസ്, അമൃത മോഹൻ എന്നിവരാണ് സംഘത്തിലുളളത്.
ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ടോക് ടു മമ്മൂക്ക' ആഭ്യന്തര വകുപ്പിന്റെ പിന്തുണ കൂടിയായതോടെ കൂടുതൽ വിപുലമായ ലഹരിവിരുദ്ധ പോരാട്ടമായി മാറി. ടോക് ടു മമ്മുക്കയിലേക്ക് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാൻ ആന്റി നാർക്കോടിക് കൺട്രോൾ റൂമിലും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിനുമാണ് ഡിജിപി മുഖേന സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. നിലവിൽ സംസ്ഥാന കുടുംബശ്രീ മിഷന്റെ സഹകരണം പദ്ധതിക്കുണ്ട്. 'ടോക് ടു മമ്മൂക്ക'യുമായി സഹകരിക്കണമെന്ന് നേരത്തെ തന്നെ എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു.
6238877369 എന്ന നമ്പരിലേക്ക് വിളിച്ച് ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഇത് പൊലീസിനും എക്സൈസിനും കൈമാറും. പരാതികൾ അറിയിക്കാൻ മേൽപ്പറഞ്ഞ ഫോൺ നമ്പറിലേക്ക് വിളിക്കുമ്പോൾ മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് സ്വാഗതം ചെയ്യുന്നത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പർ ആയ 369-ൽ അവസാനിക്കുന്നതാണ് 'ടോക് ടു മമ്മൂക്ക' സംരംഭത്തിന്റെ നമ്പർ എന്ന പ്രത്യേകതയുമുണ്ട്.
ചടങ്ങിൽ കൊച്ചി സിറ്റിപോലീസ് മുൻ കമ്മീഷണർ വിനോദ് തോമസ്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിള്ളി സിഎംഐ, കൊച്ചി സൗത്ത് എ.സി.പി പി.രാജ്കുമാർ, കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ്,രാജഗിരി ഹെൽത്ത് കെയർ പ്രമോഷൻസ് വൈസ് പ്രസിഡന്റ് ജോസ് പോൾ എന്നിവർ സംസാരിച്ചു.
'Talk to Mammootty', launched under the leadership of Mammootty, enters a new phase with the support of the Home Department