( moviemax.in) യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആന്‍ ജോര്‍ജ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തി. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു.
ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.
ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല.
ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം.
ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.
Young actress makes serious revelations against young leader