(moviemax.in) ഫഹദ് ഫാസിൽ- വടിവേലു കോമ്പോയിൽ 'മാമന്നൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിലെത്തിയ 'മാരീസൻ' എന്ന സിനിമയ്ക്ക് മികച്ച വിജയം നേടാനായില്ലെങ്കിലും, ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്. ഈ മാസം 22-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ 'മാരീസൻ' കാണാം. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതിരുന്ന ഈ ചിത്രത്തിന് ഒടിടി റിലീസിലൂടെ മികച്ച പ്രതികരണങ്ങൾ ലഭിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
സുധീഷ് ശങ്കർ സംവിധാനം ചെയ്ത 'മാരീസൻ' ഒരു റോഡ് മൂവിയാണ്. ഫഹദിൻ്റെയും വടിവേലുവിൻ്റെയും മികച്ച പ്രകടനം ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ഒരു ത്രില്ലർ സ്വഭാവവും ഈ സിനിമയ്ക്കുണ്ട്. വി. കൃഷ്ണമൂർത്തിയാണ് തിരക്കഥ രചിച്ചത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഇ4 എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം കലൈസെൽവൻ ശിവാജിയും, സംഗീതം യുവൻ ശങ്കർ രാജയും, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും, കലാസംവിധാനം മഹേന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. അതേസമയം, ഫഹദ് ഫാസിലിൻ്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയ്ക്ക് ശേഷം അൽത്താഫ് ഒരുക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.
Fahadh Vadivelus film Marisan OT to release on Netflix on the 22nd of this month