(moviemax.in) തുഷാർ ജലോട്ട സംവിധാനം ചെയ്ത, സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പരം സുന്ദരി'ക്ക് റിലീസിന് മുൻപേ വിവാദം ഉയർന്നിരിക്കുന്നു. ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഇത്തരത്തിലൊരു വിവാദം ഉയരുന്നത്. സിനിമയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ള പള്ളിയിലെ റൊമാൻസ് രംഗങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് 'വാച്ച്ഡോഗ് ഫൗണ്ടേഷൻ' എന്ന ക്രിസ്ത്യൻ സംഘടനയാണ് രംഗത്തു വന്നിരിക്കുന്നത്.
രംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പൊതുജന പ്രതിഷേധം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമായ പള്ളിയെ അനുചിതമായ കാര്യങ്ങൾക്കായി ചിത്രീകരിക്കുന്നത് മതപരമായ പവിത്രതയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഫൗണ്ടേഷൻ തങ്ങളുടെ കത്തിൽ ചൂണ്ടിക്കാട്ടി.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് പരാതി നൽകിയ ഫൗണ്ടേഷൻ, സിനിമയിലെയും പ്രൊമോഷണൽ വീഡിയോകളിലെയും ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സിബിഎഫ്സിക്ക് പുറമെ, മുംബൈ പൊലീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ എന്നിവർക്കും ഇവർ കത്തയച്ചിട്ടുണ്ട്.
1952-ലെ സിനിമാട്ടോഗ്രാഫ് ആക്ട് അനുസരിച്ച്, കലയെയും മതവികാരത്തെയും ഒരുപോലെ ബഹുമാനിച്ച് വേണം സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്ന് വാച്ച്ഡോഗ് ഫൗണ്ടേഷന്റെ അഭിഭാഷകൻ ഗോഡ്ഫ്രെ പിമെന്റ വ്യക്തമാക്കി. ഇതിന് പുറമെ, മതവികാരം വ്രണപ്പെടുത്തിയതിന് സിനിമയുടെ അഭിനേതാക്കൾ, സംവിധായകൻ, നിർമ്മാതാവ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
Param Sundari the latest film directed by Tushar Jalota and starring Sidharth Malhotra and Janhvi Kapoor is in controversy