(moviemax.in)സിനിമ പ്രേക്ഷകരുടെ ഇഷ്ടസംവിധായകന്മാരിൽ ഒരാളാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ സംവിധാനനത്തിൽ വിജയ് നായകനായി അഭിനയിച്ച ലിയോ വൻ തരംഗം സൃഷ്ടിച്ചിരുന്നു. രജനികാന്തിനെ നായകനാക്കി ഒരുങ്ങുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ഇപ്പോഴിതാ സിനിമകളുടെ വിജയങ്ങളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ലോകേഷ്.
സിനിമയുടെ വിജയമായാലും പരാജയമായാലും അത് തന്നെ മാത്രം ബാധിച്ചാൽ മതിയെന്നും അതിന്റെ പേരിൽ തന്റെ കുടുംബത്തിനെ വേട്ടയാടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ലോകേഷ് പറഞ്ഞു. 'ഇതുവരെ ഞാൻ ചെയ്ത സിനിമകളിൽ 80 ശതമാനം പുകഴ്ത്തുന്നവരും ബാക്കി 20 ശതമാനം വിമർശിച്ച് സംസാരിക്കുന്നവരുമുണ്ട്. അത് അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. നാളെ ഞാൻ ചെയ്യുന്ന ഒരു സിനിമ മോശമായാൽ അത് കാരണം എന്നെ വിമർശിച്ച് ഒരുപാട് പേർ വരുമെന്ന് ഉറപ്പാണ്. എത്രയോ പേരുടെ കാര്യത്തിൽ അങ്ങനെ കണ്ടിട്ടുണ്ട്.
സിനിമയുടെ പരാജയമായാലും വിജയമായാലും അത് എന്റെ മേൽ വന്നാൽ മതിയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയുടെ കഥകളോ അതിന്റെ പിന്നാമ്പുറങ്ങളോ എന്റെ കുടുംബത്തിനറിയില്ല. ഒരു സിനിമ മോശമായിക്കഴിഞ്ഞാൽ വീട്ടുകാരെ മെൻഷൻ ചെയ്ത് ഓരോന്ന് ആളുകൾ പറഞ്ഞുണ്ടാക്കും. അത് എനിക്ക് അംഗീകരിക്കാനാകില്ല,' ലോകേഷ് പറഞ്ഞു. അതേസമയം, മികച്ച ബുക്കിംഗ് ആണ് കൂലിയ്ക്ക് ലഭിക്കുന്നത്.
ആഗോള തലത്തിൽ പ്രീ സെയിലിൽ നിന്ന് 80 കോടിയാണ് സിനിമയുടെ നേട്ടം. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Lokesh Kanagaraj on the successes and failures of films