( moviemax.in ) സമൂഹമാധ്യമത്തിലൂടെ ദലിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. 2021ൽ നടന്ന സംഭവത്തിൽ നേരത്തെ ഇവർ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
കേസിൽ മീര മിഥുനും സുഹൃത്ത് സാമിനുമെതിരെ ഏഴു വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും പൊലീസിന് നടിയെ കണ്ടെത്താൻ സാധിക്കാത്തതിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളെ സിനിമയ്ക്കു പുറത്താക്കണമെന്ന് നടി പറയുന്ന വിഡിയോ ആണ് കേസിനാസ്പദം.
വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തിയിലേക്ക് ഉയർന്നത്. വിജയ് ടിവിയിലെ ജോഡി നമ്പർ വൺ എന്ന പരമ്പരയിലും അവർ മത്സരാർഥിയായി എത്തി. 8 തോട്ടകൾ, താന സെർന്ത കൂട്ടം, ബോധൈ യെരി ബുദ്ധി മാരി തുടങ്ങിയ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്.
Actress Meera Mithun arrested for making derogatory remarks against Dalits