---
title: "'മദ്യപിച്ചെത്തി ദിവസവും മര്‍ദ്ദിക്കും, തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി'; ഭർത്താവിനെതിരെ പൂനം"
english_title: "Actress Poonam Pandey has filed a defamation suit against her husband."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29478/actress-poonam-pandey-has-filed-a-defamation-suit-against-her-husband"
published_at: "2022-03-03T11:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622054ef51c8e_POONAM.jpg"
keywords: []
---

# 'മദ്യപിച്ചെത്തി ദിവസവും മര്‍ദ്ദിക്കും, തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി'; ഭർത്താവിനെതിരെ പൂനം

> **Lead Summary:** ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരേ ആരോപണവുമായി നടി പൂനം പാണ്ഡെ. സാം നിരന്തരം മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുമെന്നും ഒരുഘട്ടത്തിൽ തനിക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. നടി കങ്കണ റണാവത്ത് അവതാരകയായ 'ലോക്കപ്പ് ഷോ'യിലായിരുന്നു പൂനം മനസ്സു തുറന്നത്.

## Article Content

ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരേ ആരോപണവുമായി നടി പൂനം പാണ്ഡെ. സാം നിരന്തരം മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുമെന്നും ഒരുഘട്ടത്തിൽ തനിക്ക് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. നടി കങ്കണ റണാവത്ത് അവതാരകയായ 'ലോക്കപ്പ് ഷോ'യിലായിരുന്നു പൂനം മനസ്സു തുറന്നത്.

'വിവാഹ ശേഷം ഞാന്‍ അയാളുടെ പൂര്‍ണനിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു.

ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. എപ്പോഴും അയാള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന വാശിയായിരുന്നു കാരണം.

നിരവധി തവണ വിവാഹബന്ധം നിലനിര്‍ത്താന്‍ ഞാൻ ശ്രമിച്ചു. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. എന്റെ ക്ഷമ നശിച്ചു. ഇപ്പോൾ ഞാന്‍ അയാളെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല.'' എന്നാണ് പൂനം പറഞ്ഞത്.

നേരത്തെയും സാമിനെതിരെ ആരോപണവുമായി പൂനം രം​ഗത്തെത്തിയിരുന്നു. തന്നെ ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടി പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതിന് പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്ക് ശേഷമായിരുന്നു ഈ സംഭവം. എന്നാല്‍ പിന്നീട് പൂനം തന്നെ കേസ് പിന്‍വലിക്കുകയും ഇയാള്‍ക്കൊപ്പമുള്ള ജീവിതം തുടരുകയും ചെയ്തു. 2020ലായിരുന്നു പൂനം പാണ്ഡെയും സാം ബോംബെയും തമ്മിലുള്ള വിവാഹം.

കുടുംബാം​ഗങ്ങൾ മാത്രമുള്ള സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. ഇതിനു ശേഷം ഇവർ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു. ശേഷമായിരുന്നു പരാതിയുമായി നടി രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29478/actress-poonam-pandey-has-filed-a-defamation-suit-against-her-husband)