(moviemax.in) മീറ്റിംഗിനിടെ തനിക്കുണ്ടായ ഒരു രസകരമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി. യുവതിയുടെ പോസ്റ്റ് ആളുകളിൽ ചിരി പടർത്തുകയാണ്. പൂനെയിൽ നിന്നുള്ള ധിമഹി ജെയിൻ എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഓൺലൈൻ മീറ്റിംഗിനിടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് ധിമഹി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. മീറ്റിംഗിനിടെ അവൾ തന്റെ പ്രിയപ്പെട്ട ബിസ്കറ്റ് കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അത് ചവയ്ക്കുന്ന ശബ്ദം തന്റെ മൈക്രോഫോൺ പിടിച്ചെടുക്കില്ല എന്നാണ് അവൾ കരുതിയത്. എന്നാൽ, ആ ശബ്ദം മൈക്രോഫോൺ പിടിച്ചെടുക്കുകയും പിന്നാലെ അവളുടെ മാനേജരുടെ രസകരമായ ഒരു സന്ദേശം അവൾക്ക് ലഭിക്കുകയും ചെയ്യുകയായിരുന്നു.
https://x.com/Dhimahi11/status/1926909601800147396
എക്‌സിൽ ഇപ്പോൾ വൈറലായിരിക്കുന്ന തന്റെ ഈ പോസ്റ്റിൽ, തനിക്ക് ലഭിച്ച ടെക്സ്റ്റ് മെസ്സേജിന്റെ സ്ക്രീൻഷോട്ടാണ് ധിമഹി പങ്കുവച്ചിരിക്കുന്നത്. 'ധിമഹി, ദയവായി മ്യൂട്ട് ചെയ്യൂ, ബിസ്‌ക്കറ്റിന്റെ കുറും കുറും എന്ന ശബ്ദം വരുന്നു...' എന്നായിരുന്നു മാനേജർ അവൾക്ക് അയച്ച സന്ദേശം.
ഇന്ന്, എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിയാഞ്ഞപ്പോൾ ജോലിയുമായി ബന്ധപ്പെട്ട ഒരു കോളിനിടെ എന്റെ പ്രിയപ്പെട്ട കുക്കീസ് കഴിക്കുകയായിരുന്നു. ശബ്ദം കേൾക്കില്ല എന്ന് ചിന്തിച്ചെങ്കിലും മാനേജർ പ്രതികരിച്ചത് ഇങ്ങനെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ധിമഹി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
നിരവധിപ്പേരാണ് ധിമഹിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. സമാനമായ അനുഭവം ഉണ്ടായതായി കാണിക്കുന്ന കമന്റുകളാണ് പലരും പങ്കുവച്ചിരിക്കുന്നത്. ഒരു യൂസർ ഇതുപോലെ മീറ്റിംഗിനിടയിൽ ശബ്ദം കേൾക്കില്ല എന്ന് കരുതി ജ്യൂസ് കുടിച്ച അനുഭവമാണ് പങ്കുവച്ചിരിക്കുന്നത്. 'ആ കുക്കീസാണ് മീറ്റിംഗിൽ നിങ്ങളേക്കാൾ കൂടുതൽ പങ്കെടുത്തത്' എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്.
pune woman snacking during work call managers witty reaction- went viral