(moviemax.in) ബോളിവുഡ് നടൻ മുകുൾ ദേവ് (54) അന്തരിച്ചു. മേയ് 23 രാത്രിയാണ് മുകുൾ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്മനാടായ ഡൽഹിയിലെ ആശുപത്രിയിലായിരുന്നു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒരു പഞ്ചാബി കുടുംബത്തിലാണ് മുകുൾ ജനിച്ചത്, അദ്ദേഹത്തിന്റെ പിതാവ് ഹരി ദേവ്, പാഷ്തോ, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യമുള്ളയാളായിരുന്നു. അഫ്ഗാൻ സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള മുകുളിന്റെ ഗ്രാഹ്യത്തെ സമ്പന്നമാക്കുന്നതിൽ ഇത് സ്വാധീനം ചെലുത്തി. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു നൃത്ത പരിപാടിയിൽ മൈക്കൽ ജാക്‌സണായി വേഷമിട്ടാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്.
1996ൽ മംകിൻ എന്ന ടി.വി പരമ്പരയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. അതേ വർഷം തന്നെ ദസ്തക് എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ എത്തി. സുസ്മിത സെന്നിനൊപ്പം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരുന്നു അഭിനയിച്ചത്. സുസ്മിത സെന്നിന്‍റെയും ആദ്യ ചിത്രമായിരുന്നു അത്. ഹിന്ദിക്ക് പുറമേ പഞ്ചാബി, തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചു. സൺ ഓഫ് സർദാർ, ആർ. രാജ്കുമാർ, ജയ് ഹോ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് .
Bollywood actor Mukul Dev passes away