(moviemax.in) ബോളിവുഡിലെ നിത്യഹരിതനായികയാണ് ശ്രീദേവി. ജനഹൃദയങ്ങളില്‍ കുടിയേറിയ ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയശേഷമാണ് തന്റെ 54-ാം വയസില്‍ ശ്രീദേവി ഈ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ, കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രീദേവിക്ക് ആദരവുമായി എത്തിയിരിക്കുകയാണ് മകള്‍ ജാന്‍വി കപൂര്‍. തന്റെ അമ്മയെ എത്രത്തോളം 'മിസ്' ചെയ്യുന്നുവെന്ന് ജാന്‍വിയുടെ വാക്കുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇതാദ്യമായാണ് ജാന്‍വി കാനിലേക്ക് ചുവടുവെക്കുന്നത്. ഹോംബൗണ്ട് എന്ന തന്റെ ചിത്രത്തിന്റെ പ്രീമിയറിനോടനുബന്ധിച്ചാണ് ജാന്‍വി കാനിലെത്തിയത്. തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്ത റോസ് നിറത്തിലുള്ള മനോഹരമായ ഇന്ത്യന്‍ ഔട്ട്ഫിറ്റില്‍ അതീവസുന്ദരിയായാണ് ജാന്‍വി റെഡ് കാര്‍പ്പറ്റിലെത്തിയത്. ശ്രീദേവിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് മകള്‍ ജാന്‍വി കപൂര്‍ കാനില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും. വെള്ളമുത്തുകള്‍ കോര്‍ത്തിണക്കിയ അനേകം ലെയറുകളുള്ള മാല താരത്തിന്റെ അഴകിന് മാറ്റുകൂട്ടി.
തന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വെക്കേഷന്‍ സ്‌പോട്ടായിരുന്നു കാന്‍ എന്ന് ജാന്‍വി പറഞ്ഞു. മൂന്നോ നാലോ വെക്കേഷനുകള്‍ തങ്ങള്‍ തുടര്‍ച്ചയായി കാനില്‍ ചെലവഴിച്ചിട്ടുണ്ട്. അമ്മ ഒപ്പമില്ലാതെ ഇവിടേക്ക് വരുന്നത് ഏറെ വിഷമമുണ്ടാക്കുന്നുവെന്നും ജാന്‍വി പറഞ്ഞു.
'എല്ലാ തവണയും അമ്മയ്ക്ക് എന്തെങ്കിലും അവാര്‍ഡ് ലഭിക്കുകയോ അമ്മയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയോ അങ്ങനെ എന്തെങ്കിലുമുണ്ടാകും. 'ഇംഗ്ലീഷ് വിംഗ്ലീഷ്' ടൊറന്റോ ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതുമല്ലെങ്കില്‍ അച്ഛനൊപ്പം (ബോണി കപൂര്‍) ഷൂട്ടിങ്ങിനായി എവിടെയെങ്കിലും പോകും. ഇതെല്ലാം ജീവിതത്തിലെ വലിയ ഓര്‍മ്മകളാണ്. അതെല്ലാം ഞങ്ങളൊന്നിച്ച് ആഘോഷിക്കുമായിരുന്നു.' -ജാന്‍വി പറഞ്ഞു.
'ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും കാനിലെത്തിയിരിക്കുകയാണ്. എന്റെ അച്ഛന്‍, ഖുഷി ഇവരെല്ലാം എനിക്കൊപ്പമുണ്ട്. എന്നാല്‍ അമ്മ ഒപ്പമില്ല. അമ്മയില്ലാതെ വീണ്ടും ഇവിടേക്ക് വരുന്നത് ഏറെ വിഷമിപ്പിക്കുന്നു. ഞാന്‍ അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു...' -ജാന്‍വി പറഞ്ഞുനിര്‍ത്തി.
ജാന്‍വിയുടെ ചിത്രം ഹോംബൗണ്ടിന് മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. പ്രദര്‍ശനത്തിനുശേഷം ഒമ്പതുമിനുറ്റ് നീണ്ട സ്റ്റാന്‍ഡിങ് ഓവേഷന്‍ ചിത്രത്തിന് ലഭിച്ചു. ഇതിന് ശേഷം 1957-ലെ വിന്റേജ് ഫാഷനിലുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് ജാന്‍വി പ്രത്യക്ഷപ്പെട്ടത്. ക്രിസ്റ്റ്യന്‍ ഡയോര്‍ ആണ് ജാന്‍വിയുടെ വിന്റേജ് വസ്ത്രം ഡിസൈന്‍ ചെയ്തത്. പത്ത് കാരറ്റ് ഡയമണ്ട് വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്നു. ഒപ്പം വെല്‍വെറ്റ് നിറത്തിലുള്ള കയ്യുറകളുമുണ്ടായിരുന്നു.
janhvikapoor misses sridevi cannes film fest pays tribute