(moviemax.in ) റാപ്പർ വേടൻ ലഹരി കേസിൽ അറസ്റ്റിലായശേഷം മലയാളം സിനിമയിലും സംഗീതരംഗത്തും പ്രവർത്തിക്കുന്നവർ അടുത്തിടെയായി നിരന്തരം വേടനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയുണ്ട്. ഗായകൻ എംജി ശ്രീകുമാർ കഴിഞ്ഞ ദിവസം വേടനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ വലിയ വിമർശനവും പരിഹാസവും ഏറ്റുവാങ്ങിയിരുന്നു. അന്ന് തൊലിയുടെ നിറത്തിന്റെ പേരിൽ വരെ എംജി ശ്രീകുമാറിന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതേസമയം മറ്റ് ചില സെലിബ്രിറ്റികൾ വേടൻ വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ നിൽക്കാതെ ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളത്.
ഇപ്പോഴിതാ വേടനുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് വിമർശനം ഏറ്റുവാങ്ങുകയാണ് ഗായകൻ ജാസി ഗിഫ്റ്റ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വേടന്റെ സംഗീത ജീവിതവുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോൾ ചോദ്യം പോലും പൂർണ്ണമായി കേൾക്കാൻ നിൽക്കാതെ ഫോൺ കോൾ വന്നതായി അഭിനയിച്ച് മറ്റ് പല കാര്യങ്ങളും സംസാരിക്കുകയാണ് ജാസി ഗിഫ്റ്റ് ചെയ്തത്.
അഭിമുഖം വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ജാസി ഗിഫ്റ്റിന് ലഭിച്ചത്. വേടനെക്കുറിച്ച് ചോദിച്ചപ്പോൾ ജാസി കാണിച്ചത് സെൻസ് ഓഫ് ഹ്യൂമറല്ല അത് വെറും ഈഗോയാണ്... അസൂയയാണ്. വേടൻ എഴുതുന്നതുപോലുള്ള വരികൾ ജാസി ഒന്നെഴുതി പാടട്ടെ, ഇവരുടെ യഥാർത്ഥ മുഖം തുറന്ന് കാണിച്ചതിന് വളരെ നന്ദി. നിലപാടില്ലാത്ത ജീവികൾ, ജാസി ചെയ്തത് വളരെ മോശമായി. ഇതൊക്കെ തന്നെയാണ് വേടൻ പാട്ടിലൂടെ പറയുന്നത്. കഷ്ടം തന്നെ ജാസി ഗിഫ്റ്റേ, ജാസിക്ക് ശരിക്കും വേടനെ പേടിയാണ്. തരംതാഴാതെ ഇരിക്കൂ.
നട്ടെല്ലുള്ളവരെപ്പോലെ അഭിപ്രായം പറയൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ. കേരളത്തിൽ റാപ്പ് തരംഗമാകും മുമ്പ് തന്റെ ഗാനങ്ങളിൽ റാപ്പ് ഉൾപ്പെടുത്തിയിട്ടുള്ള ഗായകനാണ് ജാസി ഗിഫ്റ്റ്. ഗോഡ്ഫാദേഴ്സില്ലാതെ കഴിവുകൊണ്ട് ഉയർന്ന് വന്ന കലാകാരനായതുകൊണ്ടാണ് വേടന്റെ സംഗീത യാത്രയുമായി ബന്ധപ്പെട്ടുള്ള ചോദ്യം അവതാരക ജാസി ഗിഫ്റ്റിനോടും ചോദിച്ചത്. ജാസി ഗിഫ്റ്റ്-വേടൻ വിഷയത്തിൽ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും പ്രതികരിച്ച് എത്തി. ജാസി ഗിഫ്റ്റിന്റെ പ്രതികരണം കോമഡിയായിട്ടല്ല അരോചകമായിട്ടാണ് തോന്നിയതെന്നാണ് സായ് കൃഷ്ണ പറഞ്ഞത്.
സെലിബ്രിറ്റികളോട് അടുത്തിടെയായി കോമണായി ചോദിക്കുന്ന ഒരു ചോദ്യമായി മാറിയിട്ടുണ്ട് വേടനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്നത്. വേടൻ ട്രെന്റാണെന്നതുകൊണ്ട് തന്നെ സെലിബ്രിറ്റികൾ ഈ ചോദ്യം പ്രതീക്ഷിക്കണം. വേടൻ വിഷയം കത്തി നിൽക്കുന്ന സമയത്താണ് വേടനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ എംജി ശ്രീകുമാറിന് ട്രോളുകളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നത്. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് പിന്നീട് എംജി ശ്രീകുമാർ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ജാസി ഗിഫ്റ്റ് ജയരാജ് സിനിമയുടെ പ്രമോഷനായി നൽകിയ അഭിമുഖത്തിൽ വേടനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച രീതി എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ജാസി ഗിഫ്റ്റിന്റെ മറുപടി എനിക്ക് അത്ര കോമഡിയായി ഫീൽ ചെയ്തില്ല. വേടനെ അറിയാമോ എന്നോ വേടന്റെ ഇഷ്യുവിനെ കുറിച്ചോ ഒന്നും അവതാരക ചോദിച്ചിട്ടില്ല. വേടന്റെ മ്യൂസിക്കിനെ കുറിച്ചാണ് ചോദിച്ചത്. അതിന് വളരെ അട്രോഷ്യസായ തരത്തിലുള്ള മറുപടിയാണ് ജാസി ഗിഫ്റ്റ് കൊടുത്തത്. വളരെ സെൻസ് ഓഫ് ഹ്യൂമറുള്ളയാളാണ് ജാസി ഗിഫ്റ്റെന്ന് ടിനി ടോമും കൈലാഷും ജയരാജുമെല്ലാം അതേ അഭിമുഖത്തിൽ പറയുന്നുണ്ട്. പക്ഷെ ചോദ്യം പോലും അവതാരക പൂർത്തിയാക്കിയിട്ടില്ല.
വേടൻ എന്ന പേര് കേട്ടപ്പോൾ തന്നെ ഫോൺ എടുത്ത് ചായ, ഗാനമേള എന്നൊക്കെ പറഞ്ഞ് തമാശ കാണിക്കുകയാണ് ചെയ്തത്. പ്രതികരിക്കാൻ താൽപര്യമില്ലെങ്കിൽ അത് മാന്യമായി പറയാം. വേടന്റെ സംഗീത ജീവിതവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ പറ്റിയ ആളാണ് ജാസി ഗിഫ്റ്റ്. കാരണം ജാസി ഗിഫ്റ്റിനെ അക്സപ്റ്റ് ചെയ്തവരാണ് മലയാളികൾ. ലജ്ജാവതി ട്രെന്റ് സെറ്ററായി മാറിയ പാട്ടായിരുന്നു. ഇന്നും ജാസി ഗിഫ്റ്റിനെ നിലനിർത്തുന്നത് പണ്ട് ചെയ്ത പാട്ടുകൾ തന്നെയാണ്. എംജി ശ്രീകുമാർ, കെ.ജെ യേശുദാസ് എന്നിവർ തരംഗമായി നിൽക്കുന്ന സമയത്ത് വന്ന ജാസി ഗിഫ്റ്റിനെ മലയാളികൾ സ്നേഹത്തോടെ സ്വീകരിച്ചു.
തുടക്കകാലത്ത് പലതരത്തിലുള്ള വിമർശനം ജാസി നേരിട്ടപ്പോൾ മലയാളികളാണ് സ്നേഹിച്ച് വളർത്തികൊണ്ട് വന്നത്. പിന്നെ കാലം മാറുന്നതിന് അനുസരിച്ച് പുതിയ ആളുകൾ വരും പുതിയ ട്രെന്റുണ്ടാകും എന്നത് സ്വഭാവികമാണ്. അതിനേയും ഉൾക്കൊള്ളാൻ മനുഷ്യന്മാർ തയ്യാറാവണം. അടുത്തിടെ പാട്ട് പാടുന്നതിനിടെ പ്രിൻസിപ്പൾ ജാസി ഗിഫ്റ്റിനോട് മോശമായി പെരുമാറിയപ്പോൾ മലയാളികൾ എല്ലാം ജാസി ഗിഫ്റ്റിന്റെ കൂടെ നിന്നിരുന്നു.
അങ്ങനെയുള്ള ഒരാളോട് പ്രസക്തമായ ഒരു ചോദ്യം ചോദിച്ചപ്പോൾ ഇത്തരത്തിൽ പ്രതികരിച്ചത് കണ്ടപ്പോൾ അരോചകമായിട്ടാണ് തോന്നിയത്. വേടൻ വിഷയത്തിൽ രണ്ട് വാക്ക് പറയുക എന്നത് മാന്യതയാണ്. താൽപര്യമില്ലെങ്കിൽ പ്രതികരിക്കാൻ താൽപര്യമില്ലെന്ന് പറയാം. പക്ഷെ അതൊന്നുമല്ല ജാസി ചെയ്തത്. ജാസി ഗിഫ്റ്റിന്റെ പ്രവൃത്തിയോട് ആളുകളും പ്രതികരിക്കുന്നുണ്ട്. എംജി ശ്രീകുമാർ റാപ്പൊന്നും പാടിയിട്ടില്ല. പക്ഷെ പണ്ട് മുതൽ റാപ്പ് എലമെന്റ്സ് ജാസിയുടെ പാട്ടുകളിലുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരു പ്രതികരണം ജാസി ഗിഫ്റ്റിൽ നിന്നും ആളുകൾ പ്രതീക്ഷിച്ചിട്ടുണ്ടാകും.
ഞങ്ങളുടെ നാട്ടിൽ പെരിന്തൽമണ്ണയിൽ നടന്ന ഒരു ഇവന്റിൽ വേടനും ജാസി ഗിഫ്റ്റും പാടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വേടനെ അറിയില്ല കണ്ടില്ല, കേട്ടില്ല എന്നൊന്നും ജാസി ഗിഫ്റ്റിന് പറയാൻ കഴിയില്ല. പിന്നെ വേടനെ കുറിച്ചുള്ള എം.ജി ശ്രീകുമാറിന്റെ പ്രതികരണം വന്നപ്പോൾ തൊലി വെളുത്തവൻ, ആഢ്യനായ എംജി ശ്രീകുമാർ എന്നൊക്കെ പറഞ്ഞായിരുന്നു ആളുകൾ അദ്ദേഹത്തെ കടന്ന് ആക്രമിച്ചത്. ഇനി ജാസി ഗിഫ്റ്റിന്റെ കാര്യത്തിൽ ഇതേ ആളുകൾ എങ്ങനെ പ്രതികരിക്കും എന്തുചെയ്യുമെന്ന് എനിക്ക് കാണണം എന്നാണ് സായ് കൃഷ്ണ പുതിയ വീഡിയോയിൽ പറഞ്ഞത്.
സായ് കൃഷ്ണന്റെ വീഡിയോ ചർച്ചയായതോടെ ജാസി ഗിഫ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. അഭിപ്രായം പറയണോ വേണ്ടയോ എന്നത് വ്യക്തിപരമല്ലേ എന്നായിരുന്നു അനുകൂലിച്ചെത്തിയവർ ചോദിച്ചത്. വരുന്നവരുടെ അടുത്തും പോകുന്നവരുടെ അടുത്തും വേടൻ ലഹരി ഉപയോഗിച്ച കാര്യം ചോദിക്കാൻ പോകുന്നത് എന്തിനാണ്? അതാണോ ട്രെന്റ്?, ജാസിയ്ക്ക് അസൂയയാണെന്ന് കമന്റ് അടിക്കുന്നവരോട്. പെൻഡ്രൈവ് കുത്തി പാടുന്ന പാട്ടുകാരൻ അല്ല ജാസി ഗിഫ്റ്റ്.
അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഒരു വേടനും കാടനും ഡബ്സിയും ഉണ്ടാക്കിയിട്ടില്ല, ഒരാളെ അറിയില്ലെന്ന് പറയുന്നത് ഇത്ര വലിയ കുറ്റമാണോ?, കേരളത്തിൽ ജീവിക്കുന്ന എല്ലാ കലാകാരന്മാർക്കും വേടനെ അറിയണം എന്നുണ്ടോ? എന്നിങ്ങനെയായിരുന്നു ജാസി ഗിഫ്റ്റിനെ അനുകൂലിച്ച് വന്ന കമന്റുകൾ. ലഹരി കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ വേടൻ കഴിഞ്ഞ ദിവസം സർക്കാരിന്റെ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. തന്നെ കണ്ട് ആരും ഇൻഫ്ലൂവൻസ്ഡാകരുതെന്നും വേടൻ പറഞ്ഞിരുന്നു. യുവ തലമുറയിലാണ് വേടന്റെ ഗാനങ്ങൾക്ക് ആരാധകർ ഏറെയും. സിനിമ പിന്നണി ഗാനരംഗത്തും ഹിരൺദാസ് മുരളി എന്ന വേടൻ സജീവമാണ്.
biggboss fame secretagent criticizing singer jassiegift response rapper vedan issue