May 1, 2025 07:08 AM

(moviemax.in) റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി വനംവകുപ്പ്. പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. വേടന് പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനാണ് വനംവകുപ്പിന്റെ ശ്രമം.

ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം ചെല്ലാമെന്നും ഇന്നലെ വേടന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.

വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.

എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് വേടനെ ആറ് ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. വേടനൊപ്പമുണ്ടായിരുന്ന ഒന്‍പത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്. തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Forest Department preparing conduct further investigation tiger tooth case against rapper vedan

Next TV

Top Stories