( moviemax.in) പുലിപ്പല്ല് കൈവശംവെച്ച കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. തനിക്ക് സമ്മാനമായി കിട്ടിയതായിരുന്നു അത്, പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ വാങ്ങില്ലായിരുന്നു, നാളെ ആർക്കും ഈ അവസ്ഥ നേരിട്ടേക്കാം, പുലിപ്പല്ല് എന്ന് പറയുന്നതല്ലാതെ ഒരു ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല, ഏത് അന്വേഷണവുമായും സഹകരിക്കാം, ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ജാമ്യാപേക്ഷയെ എതിർത്താണ് കോടതിയിൽ വനം വകുപ്പ് നിലപാടെടുത്തത്. പ്രതി വേടൻ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞ വനം വകുപ്പ് ജാമ്യം നൽകരുതെന്നും നിലപാടെടുത്തു. സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. ആളെ കണ്ടെത്താൻ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകാനും താൻ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹം വ്യക്തമാക്കി.
rapper vedan gets bail