ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. ഭീകരരുടെ ഈ ക്രൂരകൃത്യത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. പിന്നാലെ ഇന്ത്യ ശക്തമായ നടപടിയാണ് എടുത്തത്. അട്ടാരി-വാഗാ അതിർത്തി അടച്ചിട്ടു, ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ ഇന്ത്യൻ സർക്കാർ നിർദ്ദേശം നൽകി. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചു. അതേ സമയം പാകിസ്ഥാൻ താരങ്ങൾ പഹൽഗാം ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ആക്രമണത്തെ അവർ അപലപിച്ചിട്ടുണ്ട്.
പുതിയ ഹിന്ദി ചിത്രമായ 'അബീർ ഗുലാൽ' ന്റെ പ്രമോഷനിൽ തിരക്കിലായിരുന്ന ഫവാദ് ഖാൻ പഹൽഗാമിലെ കൂട്ടക്കൊലയിൽ ദുഃഖം പ്രകടിപ്പിച്ചു. "പഹൽഗാമിലെ ഭീകരാക്രമണ വാർത്ത കേട്ട് വളരെ ദുഃഖിതനാണ്. ഇരകൾക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകൾ. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവും ധൈര്യവും ലഭിക്കട്ടെ." വാണി കപൂർ നായികയായി അഭിനയിക്കുന്ന 'അബീർ ഗുലാൽ' എന്ന ചിത്രത്തിലൂടെയാണ് ഫവാദ് ഖാൻ ബോളിവുഡിലേക്ക് തിരിച്ചുവരുന്നത്.
പഹൽഗാം ആക്രമണത്തിന് ശേഷം മെയ് 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചിത്രം നിരോധിക്കണമെന്നാണ് ആവശ്യം. അതിന് പിന്നാലെ കേന്ദ്രം ചിത്രത്തിന്‍റെ പ്രദര്‍ശനം നിരോധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം.
നടി ഹാനിയ ആമിർ പഹൽഗാം ആക്രമണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു: "ദുരന്തം എവിടെയായാലും അത് എല്ലാവർക്കും ദുരന്തം തന്നെയാണ്. ഇരകളോടൊപ്പമാണ് എന്റെ അനുശോചനം. വേദനയിലും പ്രതീക്ഷയിലും നാം ഒന്നാണ്. ഒരു നിരപരാധി കൊല്ലപ്പെടുമ്പോൾ അത് എല്ലാവരുടെയും വേദനയാണ്. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്നത് പ്രശ്നമല്ല. ദുഃഖത്തിന് ഒരൊറ്റ ഭാഷയേയുള്ളൂ. നാം എപ്പോഴും മനുഷ്യത്വം തിരഞ്ഞെടുക്കണം."
ബോളിവുഡ് ചിത്രം 'സനം തേരി കസം' എന്ന ചിത്രത്തിൽ അഭിനയിച്ച മാവ്‌റ ഹൊക്കെയ്ൻ പഹൽഗാം ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി. "ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ പ്രാർത്ഥനകൾ. ഒരാൾക്കെതിരെയുള്ള ഭീകരപ്രവർത്തനം എല്ലാവർക്കുമെതിരെയുള്ള ഭീകരപ്രവർത്തനമാണ്. ലോകത്ത് എന്താണ് സംഭവിക്കുന്നത്?" എന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പാകിസ്ഥാൻ ഗായകൻ ഫർഹാൻ സഈദ് തന്റെ പോസ്റ്റിൽ "പഹൽഗാം ആക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ അഗാധമായ അനുശോചനം." എന്ന് എഴുതിനടി ഉസ്മാ ഖാൻ എക്സിൽ കുറിച്ചു "പഹൽഗാം ആക്രമണത്തിലെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം. ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് ശക്തി ലഭിക്കട്ടെ. ഭീകരത എവിടെയായാലും അത് അപലപനീയമാണ്. പാകിസ്ഥാനിലായാലും ഇന്ത്യയിലായാലും മറ്റെവിടെയായാലും. ഇത്തരം ക്രൂരതയ്‌ക്കെതിരെ നാം ഒന്നിക്കണം."
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവച്ചുകൊന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയവരായിരുന്നു ഇവരെല്ലാം. ഭീകരർ ഈ വിനോദസഞ്ചാരികളോട് മതം ചോദിക്കുകയും കലിമ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മതം ചോദിച്ചാണ് പലരെയും ഭീകരര്‍ കൊലപ്പെടുത്തിയത്.
#Pahalgam-attack#Pakistani #stars #express #condolences #protest #against #terrorists