( moviemax.in) ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. സിനിമ പോലെ തന്നെ ഐശ്വര്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഐശ്വര്യ റായും സല്‍മാനും തമ്മിലുള്ള പ്രണയവും പ്രണയതര്‍ച്ചയുമൊക്കെ ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് ഇരുവരും പിരിയുന്നത്. ഐശ്വര്യയുടേയും സല്‍മാന്റേയും പ്രണയതകര്‍ച്ച ഇന്നും ചര്‍ച്ചയായി മാറുന്ന ഒന്നാണ്.
പ്രണയം തകരുന്നതിന് മുമ്പായി ഐശ്വര്യയുടെ വീട്ടിലെത്തി സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കിയെന്നും ഐശ്വര്യ വാതിലില്‍ മുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അന്ന് ആ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയാണ് ഐശ്വര്യ ചെയ്തത്. താന്‍ ഷൂട്ടില്‍ നിന്നും തിരികെ വന്ന് ക്ഷീണത്തില്‍ ഉറങ്ങിപ്പോയതിനാലാണ് വാതില്‍ തുറക്കാന്‍ വൈകിയതെന്നാണ് ഐശ്വര്യ പറഞ്ഞത്.
''ഊതിപ്പെരുപ്പിച്ചതാണ്. ദേവ്ദാസിന് വേണ്ടി രാത്രി മുഴുവന്‍ ഷൂട്ട് ചെയ്യുകയായിരുന്നു ഞാന്‍. വീട്ടിലെത്തിയപ്പോഴേക്കും തളര്‍ന്നു പോയിരുന്നു. അദ്ദേഹം എന്നോട് ഫോണില്‍ സംസാരിക്കുകയും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞു. ഞാന്‍ ഒരു കപ്പ് ഹോട്ട് ചോക്ലേറ്റ് കുടിച്ചു. ഞാന്‍ പോലും അറിയും മുമ്പ് ഞാന്‍ ഉറക്കമായി. സല്‍മാന്‍ വന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹം വാതിലില്‍ മുട്ടിയത് ഞാന്‍ കേട്ടില്ല. അരമണിക്കൂര്‍ മുമ്പ് വരെ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചതാണ്. അതിനാല്‍ അദ്ദേഹത്തിന് ആശങ്ക തോന്നി'' എന്നാണ് ഐശ്വര്യ പറഞ്ഞത്.
''അദ്ദേഹം തുടര്‍ച്ചയായി വാതിലില്‍ മുട്ടി. അദ്ദേഹത്തിന്റെ വിരലുകള്‍ മുറിഞ്ഞ് ചോര വന്നു. പക്ഷെ പത്രങ്ങളില്‍ എഴുതിയത് പോലെ നാടകീയമായൊന്നും സംഭവിച്ചിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഉണര്‍ന്നു. വാര്‍ത്തയില്‍ വന്നത് ഞാന്‍ അദ്ദേഹത്തെ പുറത്താക്കി വാതിലടച്ചുവെന്നാണ്. പിന്നെ, എന്റെ പാവം അച്ഛന്‍ എന്തിനാണ് സല്‍മാനെ അകത്ത് കയറ്റരുതെന്ന് സെക്യൂരിറ്റിക്കാരോട് പറയുന്നത്? ഞങ്ങള്‍ പട്ടാളച്ചിട്ടയുള്ള വീട്ടിലല്ല ജീവിക്കുന്നത്'' എന്നും ഐശ്വര്യ പറയുന്നുണ്ട്. സല്‍മാന്‍ ഖാന്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും അന്ന് ഐശ്വര്യ തള്ളിക്കളയുന്നുണ്ട്.
''ഞാന്‍ ദേഹോപദ്രവം സഹിക്കുന്ന ഒരാളാണെന്ന് തോന്നുന്നുണ്ടോ? ആ അക്‌സിഡന്റുണ്ടായി ഒരു വര്‍ഷം കഴിഞ്ഞും എന്നോട് ചോദിക്കുകയാണ്. ഞാന്‍ അന്ന് സ്‌റ്റെയറില്‍ നിന്നും വീണതാണ്. ഒരു നുണ തുടര്‍ച്ചയായി പറഞ്ഞാല്‍ അതിന് വാലിഡേഷന്‍ ലഭിക്കും. നാളെ ചിലപ്പോള്‍ 100 പേര്‍ ആകാശത്തിന്റെ നിറം പിങ്ക് ആണെന്ന് പറയുകയും അതിനെ തിയറിയായി അവതരിപ്പിക്കുകയും ചെയ്താല്‍ ആകാശത്തിന്റെ നിറം പിങ്ക് ആണെന്ന് ചിലര്‍ വിശ്വസിച്ചേക്കും'' എന്നാണ് ഐശ്വര്യ പറഞ്ഞത്.
എന്തായാലും അധികം വൈകാതെ സല്‍മാന്‍ ഖാനും ഐശ്വര്യയും പിരിഞ്ഞു. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഐശ്വര്യ ആ ബന്ധം അവസാനിപ്പിക്കുന്നത്. സല്‍മാന്‍ തന്നെ ശാരീരികമായ ഉപദ്രവിക്കാറുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചുവെന്നും ഐശ്വര്യ ആരോപിച്ചു. കുറച്ച് നാള്‍ മുമ്പ് തള്ളിക്കളഞ്ഞതെല്ലാം അംഗീകരിക്കുന്നതായിരുന്നു ഐശ്വര്യയുടെ പ്രതികരണം. സല്‍മാനൊപ്പം ഇനിയൊരിക്കലും അഭിനയിക്കില്ലെന്നും ഐശ്വര്യ അറിയിച്ചിരുന്നു.
സല്‍മാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ പിന്നീട് നടന്‍ അഭിഷേക് ബച്ചനുമായി പ്രണയത്തിലായി. ഇരുവരും 2007 ല്‍ വിവാഹം കഴിക്കുകയും ചെയ്തു. 2011 ലാണ് ഐശ്വര്യയുടേയും അഭിഷേകിന്റേയും മകള്‍ ആരാധ്യ ജനിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്.
#aishwaryarai #defence #salmankhan #allegations #against #him