ഗുജറാത്ത് കലാപം അടക്കമുള്ളവയുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ റിലീസ് ദിവസം മുതൽ എമ്പുരാനാണ് രാജ്യത്തെങ്ങും ചർച്ചയാകുന്നതും വിവാദം സൃഷ്ടിക്കുന്നതും. രാജ്യം ഭരിക്കുന്നവര്‍ക്ക് എതിരെ സിനിമ ഇറക്കിയതിന്റെ പ്രത്യാഘാതം എമ്പുരാൻ ടീം അനുഭവിക്കേണ്ടി വരുമെന്ന ഉൾവിളി ആദ്യ ഷോ കണ്ടപ്പോൾ തന്നെ ഭൂരിഭാഗം സിനിമാ പ്രേമികൾക്കും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ മുതൽ സംഘപരിവാർ എമ്പുരാന് എതിരെ രംഗത്തെത്തി.
മാത്രമല്ല സിനിമയെ റീ എഡിറ്റിങ്ങിന് വിധേയമാക്കുകയും ചെയ്തു. സംഘപരിവാർ ചെയ്തികളെ തുറന്നെഴുതിയെ സിനിമ വിവാദമായപ്പോൾ തന്നെ അണിയറപ്രവർത്തകരെ തേടി ഇഡിയെത്തുമെന്ന് പലരും ട്രോളായും പറഞ്ഞിരുന്നു. പിന്നീട് അതും സംഭവിച്ചു. എമ്പുരാൻ സംവിധായകൻ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ഇഡി അടുത്തിടെ നോട്ടീസ് അയച്ചിരുന്നു.
മാത്രമല്ല സിനിമയുടെ സഹ നിർമ്മാതാവായ ഗോകുലം ഗോപാലനെ തേടിയും ഇഡിയെത്തിയിരുന്നു. കോഴിക്കോട്ടെയും ചെന്നൈയിലെയും വീട്ടിലും ഓഫീസിലും ഹോട്ടലുകളിലും പരിശോധന അടുത്തിടെ നടന്നിരുന്നു. ഗോകുലം ഗ്രൂപ്പ് ഫെമ ചട്ടം ലംഘിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇപ്പോഴിതാ നടൻ ജഗദീഷ് എമ്പുരാൻ സിനിമയും തുടർന്നുണ്ടായ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ നടപടികളെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നതും ചർച്ചയാകുന്നതും.
സർക്കാസ്റ്റിക്കായിട്ടായിരുന്നു നടന്റെ പ്രതികരണം. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനെ കളിയാക്കി ഒരു കാര്യവും ഞാൻ പറയില്ല. ആസിഫ് പറയുന്നെങ്കിൽ പറഞ്ഞോട്ടെ റെയ്ഡ് വന്നോട്ടെ. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, ഇഡി എന്നിവരുടെ ഉദ്ദേശം എന്താണെന്ന് അവരോട് ചോദിക്കുക. സിനിമാക്കാരോട് ഒരിക്കലും ചോദിക്കരുത്.
ഇൻകം ടാക്സ് ഓഫീസറായി ക്യാരക്ടർ കിട്ടിയാൽ ഞങ്ങൾ എല്ലാവരും അഭിനയിക്കും. ഇഡി ഓഫീസറായി അഭിനയിക്കാൻ ഞാൻ റെഡിയാണ്. എന്നാലും ഇഡിയെ കോമഡിയാക്കി ഞാൻ അഭിനയിക്കില്ല. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനെ കുറിച്ച് സിനിമാക്കാരോട് ചോദിച്ചാൽ ഞങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റും?. എന്താണ് സംഭവിച്ചതെന്ന് ഇഡിയോട് എനിക്ക് ചോദിക്കാൻ പറ്റില്ലല്ലോ. അവരോട് ചോദിക്കാൻ പോയാൽ അടുത്തത് റെയ്ഡ് വരും എന്നാണ് ജഗദീഷ് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി എന്ന പുതിയ സിനിമയുടെ പ്രമോഷന് എത്തിയതായിരുന്നു നടൻ. നടന്റെ മറുപടി പ്രേക്ഷകരും ഏറ്റെടുത്തു. മടിയിൽ കനമില്ലാത്തവന്റെ ധൈര്യമാണ് ജഗദീഷിന്റെ വാക്കുകളിൽ നിഴലിക്കുന്നതെന്നായിരുന്നു ഒരാൾ കുറിച്ചത്. പുള്ളിക്കാരന്റെ ഫിനാഷ്യൽ കാര്യങ്ങളിൽ ക്രമക്കേടുകൾ ഒന്നുമില്ലെന്ന നല്ല കോൺഫിഡൻസ് ഉള്ളത് കൊണ്ടായിരിക്കും ഇങ്ങനെ കൂളായി അഭിപ്രായം പറയുന്നതെന്നാണ് മറ്റൊരു പ്രേക്ഷകൻ കുറിച്ചത്.
അതേസമയം ആസിഫ് അലി മൗനം പാലിച്ചതിനെ വിമർശിച്ചും കമന്റുകളുണ്ട്. ആസിഫ് അലിയുടെ ചിരിയിൽ നിന്നും മുഖത്ത് നിന്നും എന്തെങ്കിലും മിണ്ടിപ്പോയാൽ റെയ്ഡ് വരുമോയെന്ന ഭയം കാണാമെന്നും കമന്റുകളുണ്ട്. മാരുതി വാഗണറുള്ള ജഗദീഷിന് ഇങ്ങനൊക്കെ സർക്കാസ്റ്റിക്കായി പറയാം... എന്നാൽ ബെൻസുള്ള ഉള്ള ആസിഫ് അലിക്ക് പറയണമെന്ന് തോന്നിയാലും പറയില്ലെന്നും കമന്റുകളുണ്ട്. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം റിലീസിന് എത്തുന്ന ആസിഫ് അലി സിനിമയാണ് ആഭ്യന്തര കുറ്റവാളി.
#jagadish #sarcastic #reply #empuraan #movie #incometax #department #video #goes #viral