---
title: "'എന്റെ മകൻ്റെ കല്യാണം പോലെ'; ബ്ലെസിയുടെ മകൻ്റെ വിവാഹവേദിയിൽ വികാരാധീനനായി മോഹൻലാൽ"
english_title: "Mohanlal at Blessy's son's wedding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347788/mohanlal-at-blessys-sons-wedding"
published_at: "2026-03-15T09:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b63339507dc_4.jpg"
keywords: []
---

# 'എന്റെ മകൻ്റെ കല്യാണം പോലെ'; ബ്ലെസിയുടെ മകൻ്റെ വിവാഹവേദിയിൽ വികാരാധീനനായി മോഹൻലാൽ

> **Lead Summary:** **[** മലയാള സിനിമയിലെ പ്രിയ സംവിധായകൻ ബ്ലെസിയുടെ മകൻ അദിത്തിന്റെ വിവാഹച്ചടങ്ങ് സിനിമാലോകത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മോഹൻലാൽ, മീര ജാസ്മിൻ, ദിലീപ്, എം.ജി. ശ്രീകുമാർ, വിനയൻ, ജോണി ആൻ്റണി തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കുചേരാൻ എത്തിയത്.

## Article Content

**[** മലയാള സിനിമയിലെ പ്രിയ സംവിധായകൻ ബ്ലെസിയുടെ മകൻ അദിത്തിന്റെ വിവാഹച്ചടങ്ങ് സിനിമാലോകത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മോഹൻലാൽ, മീര ജാസ്മിൻ, ദിലീപ്, എം.ജി. ശ്രീകുമാർ, വിനയൻ, ജോണി ആൻ്റണി തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കുചേരാൻ എത്തിയത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന്റെ മകന്റെ വിവാഹവേദിയിൽ വികാരാധീനനായാണ് മോഹൻലാൽ സംസാരിച്ചത്. സ്വന്തം മകന്റെ കല്യാണം നടക്കുന്നതുപോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പത്മരാജന്റെ സഹായിയായിരുന്ന കാലം മുതൽ ബ്ലെസിയുമായുള്ള ആത്മബന്ധം മോഹൻലാൽ അനുസ്മരിച്ചു. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമയുടെ കാലം മുതൽ തുടങ്ങിയ ഈ സൗഹൃദം ഇന്നും തകർക്കാനാവാത്തതാണെന്നും തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്ന് സിനിമകൾ നൽകിയത് ബ്ലെസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലെസിയുടെ കുടുംബത്തോട് തനിക്കുള്ള ഹൃദയബന്ധമാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളിലൂടെയാണ് ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്.

മികച്ച സംവിധായകനും നടനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഏഴോളം അവാർഡുകൾ ഈ ചിത്രങ്ങളിലൂടെ ഇരുവരെയും തേടിയെത്തിയിരുന്നു. നീണ്ട പന്ത്രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ 'ആടുജീവിതം' ആണ് ബ്ലെസിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

മോഹൻലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുമ്പോഴും ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/347788/mohanlal-at-blessys-sons-wedding)