( moviemax.in ) മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്യുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എമ്പുരാന് പിന്നാലെ മോഹന്‍ലാലിന്റെ 'തുടരും' എന്ന ചിത്രവും പുറത്തിറങ്ങും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ചിത്രം ഒരുക്കുന്നത്.
എമ്പുരാന്റേതെന്നപോലെ ഈ ചിത്രത്തിന്റേയും അപ്‌ഡേറ്റുകള്‍ ആസ്വാദകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവറായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍- ശോഭന കോംബോയുടെ കാലങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം.
ചിത്രത്തിലെ രണ്ട് പാട്ടുകള്‍ ഇതുവരെ പുറത്തുവന്നു. 'കഥതുടരും' എന്ന രണ്ടാമത്തെ പാട്ടിന്റെ പ്രമോഷന്‍ പോസ്റ്റര്‍ വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ചുപോകുന്ന ചിത്രമായിരുന്നു പോസ്റ്ററിന്റെ ഹൈലറ്റ്. പിന്നാലെ വന്ന എമ്പുരാന്റെ പോസ്റ്റര്‍ പങ്കുവെച്ച്, 'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്‌പ്ലെന്‍ഡറുംകൊണ്ട് ഇറങ്ങിയത്' എന്ന തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റ് വൈറലായിരുന്നു.
ഇപ്പോള്‍ സംവിധായകന്‍തന്നെ ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററുമായി എത്തിയിരിക്കുകയാണ്. എമ്പുരാന്റെ ഫാന്‍ മെയ്ഡ് പോസ്റ്ററാണ് തരുണ്‍ മൂര്‍ത്തി പങ്കുവെച്ചത്. എമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം, 'തുടരും' സിനിമയിലെ സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ചുപോകുന്നതായാണ് പോസ്റ്ററിലുള്ളത്. പിന്നില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്യിദ് മസൂദ് എന്ന കഥാപാത്രത്തേയും കാണാം.
സിദ്ധീഖുല്‍ അക്ബര്‍ എന്ന ആരാധകനാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. 'ക്രോസ് ഓവര്‍ അറ്റ് ഇറ്റ്‌സ് ബെസ്റ്റ്', 'പറപ്പിക്ക് പാപ്പാ' എന്ന ക്യാപ്ഷനോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റര്‍ പങ്കുവെച്ചത്. ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പോലും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
#mohanlal #prithviraj #zayedmasood #khureshiabram #thudarum #empuraan