പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാനായുള്ള കാത്തിരിപ്പിനിടയിൽ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത. ചിത്രത്തിന്‍റെ ആദ്യ ഭാഗമായ ലൂസിഫർ റീ റിലിസിനൊരുങ്ങുകയാണ്. സിനിമയുടെ ഓവർസെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാർസ് ഫിലിംസാണ് റീ റിലീസ് കാര്യം അറിയിച്ചിരിക്കുന്നത്.
മാർച്ച് 20 ന് ലൂസിഫർ റീ റിലീസ് ചെയ്യും. മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. എമ്പുരാന്റെ റിലീസിനോട് അനുബന്ധിച്ച് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ പറഞ്ഞിരുന്നു.
മലയാളത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ഒരു റീ റിലീസ്. മൂന്നാം ഭാഗം ഉണ്ടാകുമെന്നും അതിലേക്ക് നയിച്ച് കൊണ്ടാകും എമ്പുരാന്‍ അവസാനിക്കുകയെന്നും മോഹന്‍ലാല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം എമ്പുരാനിലെ മോഹൻലാലിന്‍റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. 'ഖുറേഷി അബ്രഹാമിന്റെ ലോകമാണ് രണ്ടാം ഭാഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമയെന്ന് മോഹൻ ലാൽ പറഞ്ഞു.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്.
ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
#Stephen #arrive #before #Qureshi #Lucifer #re-release #date #announced