മോശം സമയം, മനം മടുപ്പിച്ച അവഹേളനങ്ങള്‍; ഒടുവിൽ അത് ചെയ്യാൻ തീരുമാനിച്ച മമ്മൂട്ടി; പിന്നെ നടന്നത്!

 മോശം സമയം, മനം മടുപ്പിച്ച അവഹേളനങ്ങള്‍; ഒടുവിൽ അത് ചെയ്യാൻ തീരുമാനിച്ച മമ്മൂട്ടി; പിന്നെ നടന്നത്!
Feb 14, 2025 02:53 PM | By Jain Rosviya

ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമാണ് മമ്മൂട്ടി. ലോകത്തിന്റെ ഏത് കോണില്‍ പോയാലും മലയാളി അഭിമാനത്തോടെ പറയുന്ന തങ്ങളുടെ മേല്‍വിലാസം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയാണ് മമ്മൂട്ടി.

പുതിയ കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ട് മലയാള സിനിമയുടെ പാട്രിയാര്‍ക്കായി ഉമ്മറപ്പടിയില്‍ ഇന്നും മമ്മൂട്ടിയുണ്ട്. യുവതാരങ്ങളെ പോലും പിന്നിലാക്കും വിധത്തിലാണ് മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തെ പുതുക്കുകയും മുന്നോട്ട് പോവുകയും ചെയ്യുന്നത്.

ഇന്ന് മമ്മൂട്ടിയ്ക്ക് പകരക്കാരില്ല. മമ്മൂട്ടിയില്ലാത്തൊരു മലയാള സിനിമയെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ മമ്മൂട്ടിയുടെ താരോദയവും വളര്‍ച്ചയുമൊന്നും ഒരു രാത്രി ഇരുട്ടി വെളുക്കുന്ന വേഗത്തിലല്ലായിരുന്നു.

വര്‍ഷങ്ങളുടെ കഠിനാധ്വാനം അതിന് പിന്നിലുണ്ട്. കരിയറിന്റെ തുടക്കത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ ക്ഷമയോട് നേരിട്ടു കൊണ്ടാണ് മമ്മൂട്ടി മലയാള സിനിമയില്‍ ഒരിടം നേടിയെടുക്കുന്നത്.

കരിയറിന്റെ തുടക്കത്തിലെന്നത് പോലെ തന്നെ പിന്നീടും മമ്മൂട്ടിയ്ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും 1980 കളുടെ മധ്യത്തില്‍. തന്റെ സിനിമകള്‍ തുടരെ തുടരെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത് മമ്മൂട്ടി കണ്ടു.

ഇതോടെ മലയാള സിനിമ ലോകം മമ്മൂട്ടിയെ ബോധപൂര്‍വ്വം തന്നെ മാറ്റി നിര്‍ത്താനും തള്ളിക്കളയാനും തുടങ്ങിയിരുന്നു. എന്തിന് മമ്മൂട്ടി തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു.

ഒരിക്കല്‍ 80 കളില്‍ തനിക്ക് നേരിടേണ്ടി വന്ന തുടര്‍ പരാജയങ്ങള്‍ എത്ത്രോളം തന്നെ ബാധിച്ചിരുന്നുവെന്നും കരിയര്‍ അവസാനിച്ചുവെന്ന് കരുതിയതിനെക്കുറിച്ചും മമ്മൂട്ടി തുറന്ന് പറഞ്ഞിരുന്നു.

''എനിക്ക് അത് വളരെ മോശം സമയമായിരുന്നു. വീണ്ടും ഉയര്‍ന്നു വരാന്‍ സാധിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ഏറെ ദുഖിതനായിരുന്നു. എന്നെ വളരെ മോശമായി അവഹേളിക്കുകയും ചെയ്തിരുന്നു'' എന്നാണ് മമ്മൂട്ടി പറഞ്ഞത്.

''ഇന്ന് ആലോചിക്കുമ്പോള്‍ ചെറിയ സന്തോഷം തോന്നുന്നുണ്ടെങ്കിലും അന്നത്തെ അനുഭവങ്ങള്‍ വളരെ മോശമായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ എന്നെ വിലകുറച്ച് കണ്ടിരുന്നു ആളുകള്‍. അതാണ് പിന്നീട് എനിക്ക് ഒരു പുതുജന്മം നല്‍കിയത്'' എന്നും മമ്മൂട്ടി പറയുന്നുണ്ട്.

തുടര്‍ പരാജയങ്ങളില്‍ നിന്നും മമ്മൂട്ടി തിരിച്ചുവന്നത് സമാനതകളില്ലാത്ത വിധമായിരുന്നു. 1987 ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹിയാണ് മമ്മൂട്ടിയെ മലയാള സിനിമയിലെ താരരാജാവിന്റെ സിംഹാസനത്തിലേക്ക് അവരോധിക്കുന്നത്.

തുടര്‍ പരാജയങ്ങളുടെ ചാരത്തില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ മമ്മൂട്ടി അന്ന് ഉയിര്‍ത്തെഴുന്നേറ്റു. അന്ന് തന്നെ സംബന്ധിച്ച് ന്യൂഡല്‍ഹി എന്നത് വളരെ ഡെസ്പറേറ്റ് ആയൊരു ശ്രമം മാത്രമായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.

''അതൊരു ശ്രമം മാത്രമായിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്നതോടെ പിന്നീട് ശ്രമിക്കാന്‍ മാത്രമേ സാധിക്കൂ. ഭാഗ്യത്തിന് ആ ശ്രമം വിജയിച്ചു. സത്യത്തില്‍ എനിക്ക് എന്നിലുള്ള ആത്മവിശ്വാസം തന്നെ നഷ്ടമായിരുന്നു. ഞാന്‍ മറ്റെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചു തുടങ്ങിയിരുന്നു'' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

അതേസമയം മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ് ആണ്. ഗൗതം വാസുദേവ് മേനോന്‍ ആയിരുന്നു സിനിമയുടെ സംവിധാനം.

അതേസമയം സിനിമ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ബസൂക്കയാണ്. പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയടക്കം വലിയ സിനിമകള്‍ അണിയറയിലുണ്ട്.



#Bad #time #insults #Mammootty #finally #decided #leave #cinema

Next TV

Related Stories
Top Stories